സങ്കീർത്തനങ്ങൾ 31:9-18

സങ്കീർത്തനങ്ങൾ 31:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു. എന്റെ ആയുസ്സ് ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യം നിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു. എന്റെ സകല വൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയൽക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതുവായി ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു. മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു. എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ. യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ. നീതിമാനു വിരോധമായി ഡംഭത്തോടും നിന്ദയോടുംകൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായിപ്പോകട്ടെ.

സങ്കീർത്തനങ്ങൾ 31:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, എന്നോടു കനിവുണ്ടാകണമേ; ഞാൻ കഷ്ടതയിൽ ആയിരിക്കുന്നുവല്ലോ; ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിയിരിക്കുന്നു. എന്റെ ശരീരവും മനസ്സും തളർന്നിരിക്കുന്നു. എന്റെ ആയുസ്സ് ദുഃഖത്തിലും നെടുവീർപ്പിലും കഴിഞ്ഞുപോകുന്നു. കഷ്ടതകൊണ്ട് എന്റെ ബലം ക്ഷയിച്ചു; ഞാൻ ആകെ തളർന്നിരിക്കുന്നു. ഞാൻ ശത്രുക്കൾക്കു നിന്ദാപാത്രവും അയൽക്കാർക്കു പരിഹാസവിഷയവും ആയിരിക്കുന്നു; തെരുവീഥികളിൽ പരിചയക്കാർ എന്നെക്കണ്ട് ഭയപ്പെടുന്നു. എന്നെ കാണുന്നവർ ഓടി അകലുന്നു. മൃതനെപ്പോലെ ഞാൻ വിസ്മൃതനായിരിക്കുന്നു; ഞാൻ ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. പലരും എനിക്കെതിരെ മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു. എനിക്കു ചുറ്റും സർവത്രഭീഷണി. അവർ ഒരുമിച്ചുകൂടി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നെ അപായപ്പെടുത്താൻ അവർ ആലോചിക്കുന്നു. എന്നാൽ സർവേശ്വരാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു; അവിടുന്നാണല്ലോ എന്റെ ദൈവം. എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ, അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും; അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടർ അപമാനിതരാകട്ടെ. അവർ പാതാളത്തിൽ മൂകരായി പതിക്കട്ടെ. വ്യാജം പറയുന്നവർ മൂകരായിത്തീരട്ടെ; അവർ നീതിമാന്മാർക്കെതിരെ അഹങ്കാരത്തോടും അവജ്ഞയോടും സംസാരിക്കുന്നു.

സങ്കീർത്തനങ്ങൾ 31:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, എന്നോട് കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്‍റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു. എന്‍റെ ആയുസ്സ് ദുഃഖത്തിലും എന്‍റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു; എന്‍റെ ക്ലേശം നിമിത്തം എന്‍റെ ബലം നഷ്ടപ്പെട്ടും എന്‍റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു. എന്‍റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്‍റെ അയല്‍ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്‍റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു. മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. “ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, എന്‍റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു. എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ പറഞ്ഞു. എന്‍റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; അങ്ങേയുടെ ദയയാൽ എന്നെ രക്ഷിക്കേണമേ. യഹോവേ, അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ. നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.

സങ്കീർത്തനങ്ങൾ 31:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു. എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു. എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്കു അതിനിന്ദിതൻ തന്നേ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതുവായിഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ടു ഓടിപ്പോകുന്നു. മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു. ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു. എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ. യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ. നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.

സങ്കീർത്തനങ്ങൾ 31:9-18 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ; എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു, എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു. എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു എന്റെ ആയുസ്സ് നെടുവീർപ്പിനാലും; എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു. എന്റെ എല്ലാ ശത്രുക്കളുംനിമിത്തം, ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി— തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു. മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു; തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു. അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു, “ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!” അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു. എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു. എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്; എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ. അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ. വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ, കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.