സങ്കീർത്തനങ്ങൾ 31:9-18

സങ്കീർത്തനങ്ങൾ 31:9-18 MCV

യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ; എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു, എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു. എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു എന്റെ ആയുസ്സ് നെടുവീർപ്പിനാലും; എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു. എന്റെ എല്ലാ ശത്രുക്കളുംനിമിത്തം, ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി— തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു. മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു; തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു. അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു, “ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!” അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു. എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു. എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്; എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ. അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ. വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ, കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.