സങ്കീർത്തനങ്ങൾ 18:16-36

സങ്കീർത്തനങ്ങൾ 18:16-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികളൊക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടു നടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി. ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ; നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

സങ്കീർത്തനങ്ങൾ 18:16-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു. പ്രബലരായ ശത്രുക്കളിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവർ എന്നെക്കാൾ ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു. എന്നാൽ സർവേശ്വരൻ എന്നെ താങ്ങി. ആപത്തിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു, എന്നിൽ പ്രസാദിച്ചതിനാൽ, അവിടുന്ന് എന്നെ വിടുവിച്ചു. എന്റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. എന്റെ കൈകളുടെ നൈർമ്മല്യത്തിനൊത്തവിധം, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു, ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല. അവിടുത്തെ കല്പനകൾ അനുസരിച്ചു ഞാൻ നടന്നു. അവിടുത്തെ ചട്ടങ്ങൾ ഞാൻ ലംഘിച്ചില്ല. അവിടുത്തെ മുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു, തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു. എന്റെ കൈകളുടെ നിഷ്കളങ്കത കണ്ട്, എന്റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം, അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു; നിർമ്മലനോട് അങ്ങ് നിർമ്മലതയോടെ പെരുമാറുന്നു; വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു. എളിയവരെ അവിടുന്നു രക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു. അവിടുന്ന് എന്റെ ദീപം തെളിക്കുന്നു; എന്റെ ദൈവമായ സർവേശ്വരൻ എന്റെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താൽ ഞാൻ ശത്രുസൈന്യത്തെ ആക്രമിക്കും. എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുറ്റത്; സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം; തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് പരിചയാണ്. സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു. അവിടുന്ന് എന്റെ കാലുകൾക്ക് മാൻപേടയുടെ വേഗം നല്‌കി, അവിടുന്ന് എന്നെ ഉയർന്ന ഗിരികളിൽ സുരക്ഷിതനായി നിർത്തി. അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു, താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ പാത വിശാലമാക്കി; എന്റെ കാലുകൾ വഴുതിയില്ല.

സങ്കീർത്തനങ്ങൾ 18:16-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു. എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും ദൈവത്തിന്‍റെ ദൃഷ്ടിയിൽ എന്‍റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി. ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. എളിയജനത്തെ അവിടുന്ന് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും. അവിടുന്ന് എന്‍റെ ദീപം കത്തിക്കും; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്‍റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമ്മലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; എന്‍റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു. അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

സങ്കീർത്തനങ്ങൾ 18:16-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി. ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ; നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

സങ്കീർത്തനങ്ങൾ 18:16-36 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ. വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. നിർമലരോട് അവിടന്ന് നിർമലതയോടും; എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു. യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ; എന്റെ ദൈവം എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു. അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം. ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്? ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു. എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു. അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി, അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.