അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു. പ്രബലരായ ശത്രുക്കളിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവർ എന്നെക്കാൾ ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു. എന്നാൽ സർവേശ്വരൻ എന്നെ താങ്ങി. ആപത്തിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു, എന്നിൽ പ്രസാദിച്ചതിനാൽ, അവിടുന്ന് എന്നെ വിടുവിച്ചു. എന്റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി. എന്റെ കൈകളുടെ നൈർമ്മല്യത്തിനൊത്തവിധം, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു, ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല. അവിടുത്തെ കല്പനകൾ അനുസരിച്ചു ഞാൻ നടന്നു. അവിടുത്തെ ചട്ടങ്ങൾ ഞാൻ ലംഘിച്ചില്ല. അവിടുത്തെ മുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു, തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു. എന്റെ കൈകളുടെ നിഷ്കളങ്കത കണ്ട്, എന്റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം, അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു; നിർമ്മലനോട് അങ്ങ് നിർമ്മലതയോടെ പെരുമാറുന്നു; വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു. എളിയവരെ അവിടുന്നു രക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു. അവിടുന്ന് എന്റെ ദീപം തെളിക്കുന്നു; എന്റെ ദൈവമായ സർവേശ്വരൻ എന്റെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താൽ ഞാൻ ശത്രുസൈന്യത്തെ ആക്രമിക്കും. എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുറ്റത്; സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം; തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് പരിചയാണ്. സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു. അവിടുന്ന് എന്റെ കാലുകൾക്ക് മാൻപേടയുടെ വേഗം നല്‌കി, അവിടുന്ന് എന്നെ ഉയർന്ന ഗിരികളിൽ സുരക്ഷിതനായി നിർത്തി. അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു, താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ പാത വിശാലമാക്കി; എന്റെ കാലുകൾ വഴുതിയില്ല.
SAM 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 18:16-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ