സങ്കീർത്തനങ്ങൾ 18:16-36

സങ്കീർത്തനങ്ങൾ 18:16-36 വേദപുസ്തകം

അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി. ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ; നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.