സങ്കീർത്തനങ്ങൾ 139:13-24

സങ്കീർത്തനങ്ങൾ 139:13-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്! അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു. ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ. അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു. യഹോവേ, നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കേണ്ടതല്ലയോ? നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. ദൈവമേ, എന്നെ ശോധനചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാർഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ.

സങ്കീർത്തനങ്ങൾ 139:13-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു. എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ദൈവമേ, അങ്ങയുടെ വിചാരങ്ങൾ എത്ര അഗാധം. അവ എത്രയോ വിശാലം! അവ മണൽത്തരികളെക്കാൾ എത്രയോ അധികം? എനിക്കവ എണ്ണിത്തീർക്കാൻ കഴിയുകയില്ല. ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെ ആയിരിക്കും. ദൈവമേ, അങ്ങു ദുഷ്ടരെ നിഗ്രഹിച്ചിരുന്നെങ്കിൽ! കൊലപാതകികൾ എന്നെ വിട്ടുപോയിരുന്നെങ്കിൽ! അവർ അങ്ങേക്കെതിരെ ദുഷ്ടതയോടെ സംസാരിക്കുന്നു. തിരുനാമത്തെ അവർ ദുഷിക്കുന്നു. അങ്ങയെ ദ്വേഷിക്കുന്നവരെ ഞാൻ ദ്വേഷിക്കേണ്ടതല്ലയോ? അങ്ങയെ ധിക്കരിക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ അവരെ പൂർണമായി വെറുക്കുന്നു, ഞാൻ അവരെ എന്റെ ശത്രുക്കളായി ഗണിക്കുന്നു. ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ ഗ്രഹിക്കണമേ. ദുർമാർഗത്തിലാണോ ഞാൻ ചരിക്കുന്നത് എന്നു നോക്കണമേ. ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ.

സങ്കീർത്തനങ്ങൾ 139:13-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ എന്‍റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു; എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങേയുടെ വിചാരങ്ങൾ എത്ര ഘനമായവ! അവയുടെ ആകെത്തുകയും എത്ര വലിയത്! അവ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു. ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; ക്രൂരജനമേ, എന്നെവിട്ടു പോകുവിൻ. അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; അങ്ങേയുടെ ശത്രുക്കൾ അങ്ങേയുടെ നാമം വൃഥാ എടുക്കുന്നു. യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങേയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു. ദൈവമേ, എന്നെ പരിശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ അറിയേണമേ. വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.

സങ്കീർത്തനങ്ങൾ 139:13-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു. ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ. അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു. യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.

സങ്കീർത്തനങ്ങൾ 139:13-24 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്. സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു. ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്! ഞാൻ അവയെ എണ്ണിനോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം! ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും. ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ! അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു. യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ? എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു. ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ. ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ. സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 139:13-24

സങ്കീർത്തനങ്ങൾ 139:13-24 MALOVBSI