സങ്കീർത്തനങ്ങൾ 139:13-24

സങ്കീർത്തനങ്ങൾ 139:13-24 MCV

അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്. സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു. ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്! ഞാൻ അവയെ എണ്ണിനോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം! ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും. ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ! അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു. യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ? എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു. ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ. ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ. സംഗീതസംവിധായകന്.