സങ്കീ. 139
139
എല്ലാം അറിയുന്ന ദൈവം
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു.
എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.
3എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു;
എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു.
4യഹോവേ, അങ്ങ് മുഴുവനും അറിയാതെ
ഒരു വാക്കും എന്റെ നാവിൽ ഇല്ല.
5അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച്
അങ്ങേയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു.
6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;
അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.
7അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?
തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?
8ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്;
പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്.
9ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്,
സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
10അവിടെയും അങ്ങേയുടെ കൈ എന്നെ നടത്തും;
അങ്ങേയുടെ വലങ്കൈ എന്നെ പിടിക്കും.
11“ഇരുട്ട് എന്നെ മൂടിക്കളയട്ടെ;
വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
12ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും;
ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ.
13അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;
എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.
14ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ
ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;
അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല.
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു;
എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു;
17ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങേയുടെ വിചാരങ്ങൾ എത്ര ഘനമായവ!
അവയുടെ ആകെത്തുകയും എത്ര വലിയത്!
18അവ എണ്ണിയാൽ മണലിനെക്കാൾ അധികം;
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു.
19ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;
ക്രൂരജനമേ#139:19 ക്രൂരജനമേ രക്തപാതകന്മാരേ, എന്നെവിട്ടു പോകുവിൻ.
20അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു;
അങ്ങേയുടെ ശത്രുക്കൾ അങ്ങേയുടെ നാമം വൃഥാ എടുക്കുന്നു.
21യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
അങ്ങേയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?
22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;
അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23ദൈവമേ, എന്നെ പരിശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ;
എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയേണമേ.
24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി,
ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 139: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.