സങ്കീർത്തനങ്ങൾ 119:161-176
സങ്കീർത്തനങ്ങൾ 119:161-176 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രഭുക്കന്മാർ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനം നിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. നിന്റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:161-176 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭുക്കന്മാർ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാൻ ഭയഭക്തിയോടെ ആദരിക്കുന്നു. വലിയ കൊള്ളമുതൽ ലഭിച്ചവനെപ്പോലെ, ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു. അസത്യത്തെ ഞാൻ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാൻ അവിടുത്തെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കായി, ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് പൂർണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താൻ യാതൊന്നിനും കഴിയുകയില്ല. സർവേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാൻ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു. ഞാൻ അവയെ വളരെയധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ. സർവേശ്വരാ, എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ. എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കും. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. അവിടുത്തെ കല്പനകൾ നീതിനിഷ്ഠമല്ലോ. അവിടുന്ന് എന്നെ സഹായിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകൾ അനുസരിക്കാൻ ഞാൻ ഉറച്ചിരിക്കുന്നുവല്ലോ. പരമനാഥാ, അവിടുന്നു നല്‌കുന്ന രക്ഷയ്‍ക്കായി ഞാൻ കാംക്ഷിക്കുന്നു. അവിടുത്തെ ധർമശാസ്ത്രമാണ് എന്റെ ആനന്ദം. അങ്ങയെ സ്തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ. അവിടുത്തെ കല്പനകൾ എനിക്ക് ആശ്രയമായിരിക്കട്ടെ. കൂട്ടംവിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകൾ ഞാൻ അവഗണിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 119:161-176 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങേയുടെ വചനത്തെ എന്‍റെ ഹൃദയം ഭയപ്പെടുന്നു. വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്‍റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അങ്ങേയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്‍റെ നാവ് അങ്ങേയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ. അങ്ങേയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ അങ്ങേയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. അങ്ങയെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; അങ്ങേയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; അങ്ങേയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:161-176 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:161-176 സമകാലിക മലയാളവിവർത്തനം (MCV)
ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു. വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു. കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു. അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല. യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു. ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്. യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ. എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ; അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ. അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്, എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ. ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ. യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു, അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു. ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ, അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ. കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു. അടിയനെ തേടി വരണമേ, അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.