ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു. വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു. കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു. അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല. യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു. ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്. യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ. എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ; അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ. അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്, എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ. ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ. യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു, അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു. ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ, അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ. കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു. അടിയനെ തേടി വരണമേ, അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.
സങ്കീർത്തനങ്ങൾ 119 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 119:161-176
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ