പ്രഭുക്കന്മാർ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാൻ ഭയഭക്തിയോടെ ആദരിക്കുന്നു. വലിയ കൊള്ളമുതൽ ലഭിച്ചവനെപ്പോലെ, ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു. അസത്യത്തെ ഞാൻ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാൻ അവിടുത്തെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കായി, ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് പൂർണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താൻ യാതൊന്നിനും കഴിയുകയില്ല. സർവേശ്വരാ, അവിടുത്തെ രക്ഷയ്‍ക്കായി ഞാൻ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു. ഞാൻ അവയെ വളരെയധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ. സർവേശ്വരാ, എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ. എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കും. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. അവിടുത്തെ കല്പനകൾ നീതിനിഷ്ഠമല്ലോ. അവിടുന്ന് എന്നെ സഹായിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകൾ അനുസരിക്കാൻ ഞാൻ ഉറച്ചിരിക്കുന്നുവല്ലോ. പരമനാഥാ, അവിടുന്നു നല്‌കുന്ന രക്ഷയ്‍ക്കായി ഞാൻ കാംക്ഷിക്കുന്നു. അവിടുത്തെ ധർമശാസ്ത്രമാണ് എന്റെ ആനന്ദം. അങ്ങയെ സ്തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ. അവിടുത്തെ കല്പനകൾ എനിക്ക് ആശ്രയമായിരിക്കട്ടെ. കൂട്ടംവിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകൾ ഞാൻ അവഗണിക്കുന്നില്ലല്ലോ.
SAM 119 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 119:161-176
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ