സങ്കീർത്തനങ്ങൾ 112:1-9

സങ്കീർത്തനങ്ങൾ 112:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. കൃപ തോന്നി വായ്പ കൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും. അവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമയിൽ ഇരിക്കും. ദുർവർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 112:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും. അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂർണവും ആയിരിക്കും. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും. പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും. സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു. ഔദാര്യപൂർവം വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും. നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻ വിസ്മരിക്കപ്പെടുകയില്ല. ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും. അവൻ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല. അവൻ തന്റെ ശത്രുക്കളുടെ പരാജയം കാണും. അവൻ ദരിദ്രർക്ക് ഉദാരമായി കൊടുക്കുന്നു. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു. അവന്റെ ശക്തിയും ബഹുമാനവും വർധിക്കും.

സങ്കീർത്തനങ്ങൾ 112:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും. അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും. അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്‍റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 112:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും. അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും. ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും. അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 112:1-9 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു. പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു. ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും. നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും. ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു. അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും. അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.