സങ്കീർത്തനങ്ങൾ 112:1-9

സങ്കീർത്തനങ്ങൾ 112:1-9 MCV

യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു. പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു. ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും. നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും. ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു. അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും. അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.