സങ്കീർത്തനങ്ങൾ 106:1-12
സങ്കീർത്തനങ്ങൾ 106:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്. യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണിക്കും? അവന്റെ സ്തുതിയെയൊക്കെയും ആർ വിവരിക്കും? ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവച്ച് നിന്റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. അവൻ പകയന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 106:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ. അവിടുന്നു നല്ലവനല്ലോ! അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സർവേശ്വരന്റെ വീരകൃത്യങ്ങൾ വർണിക്കാൻ ആർക്കു കഴിയും. അവിടുത്തെ മഹത്ത്വത്തെ പ്രകീർത്തിക്കാൻ ആർക്കു സാധിക്കും? ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. സർവേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോൾ എന്നെയും ഓർക്കണമേ. അവരെ വിടുവിക്കുമ്പോൾ എന്നെയും കടാക്ഷിക്കണമേ. അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാൻ കാണട്ടെ. അവിടുത്തെ ജനതയുടെ സന്തോഷത്തിൽ ഞാൻ ആനന്ദിക്കട്ടെ. അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു; ഞങ്ങൾ അധർമവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽവച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്റെ നിറവിനെ ഓർത്തതുമില്ല. അവർ ചെങ്കടൽ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു. എങ്കിലും അവിടുന്ന് അവരെ തന്റെ നാമത്തെപ്രതി രക്ഷിച്ചു. അവിടുത്തെ മഹാശക്തി വെളിപ്പെടുത്താൻ വേണ്ടിത്തന്നെ. അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി, മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു. ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. വൈരികളുടെ പിടിയിൽനിന്ന് അവരെ വിടുവിച്ചു. അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു. അവരിൽ ആരും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വാക്കുകൾ വിശ്വസിച്ചു; അവർ സ്തുതിഗീതം പാടി.
സങ്കീർത്തനങ്ങൾ 106:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളത്. യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും? അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര്‍ വിവരിക്കും? ന്യായം പ്രമാണിക്കുന്നവരും എല്ലായ്‌പ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. യഹോവേ, അങ്ങേയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർക്കേണമേ; അങ്ങേയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ അങ്ങേയുടെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കട്ടെ അങ്ങേയുടെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച് അങ്ങേയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങേയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 106:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു. യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും? ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ. ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു. എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി. അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 106:1-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും? ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ. യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ, അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു! ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു. എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ. അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി. അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു. ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല. അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.