സങ്കീ. 106
106
ദൈവത്തിന്‍റെ കാരുണ്യം
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ;
അവിടുത്തെ ദയ എന്നേക്കും ഉള്ളത്.
2യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വർണ്ണിക്കും?
അവിടുത്തെ സ്തുതിയെപ്പറ്റി എല്ലാം ആര്‍ വിവരിക്കും?
3ന്യായം പ്രമാണിക്കുന്നവരും
എല്ലായ്‌പ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
4യഹോവേ, അങ്ങേയുടെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർക്കേണമേ;
അങ്ങേയുടെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ.
5അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ
അങ്ങേയുടെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കട്ടെ
അങ്ങേയുടെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.
6ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു;
ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച്
അങ്ങേയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും
അങ്ങേയുടെ മഹാദയയെ ഓർമ്മിക്കാതെയും
കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.
8എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്
തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;
കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
10പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു;
ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു;
ദൈവത്തിന് സ്തുതിപാടുകയും ചെയ്തു.
13എങ്കിലും അവർ വേഗത്തിൽ കർത്താവിന്‍റെ പ്രവൃത്തികളെ മറന്നു;
ദൈവത്തിന്‍റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;
നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു;
എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
16പാളയത്തിൽവച്ച് അവർ മോശെയോടും
യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ
പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി.
21മിസ്രയീമിൽ വലിയ കാര്യങ്ങളും
ഹാമിന്‍റെ ദേശത്ത് അത്ഭുതപ്രവൃത്തികളും
22ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ
അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
23ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു;
അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ
അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ
ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24അവർ മനോഹരദേശത്തെ നിരസിച്ചു;
അവിടുത്തെ വചനം വിശ്വസിച്ചതുമില്ല.
25അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും
അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു.
28അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു;
മരിച്ചവർക്കുള്ള ബലികൾ തിന്നു.
29ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു;
പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.
30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;
ബാധ നിന്നുപോകുകയും ചെയ്തു.
31അത് തലമുറതലമുറയായി എന്നേക്കും
അവന് നീതിയായി എണ്ണിയിരിക്കുന്നു.
32മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു;
അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33അവർ അവനെ കോപിപ്പിച്ചതുകൊണ്ട്
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34യഹോവ അവരോടു കല്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല.
35അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന്
അവരുടെ പ്രവൃത്തികൾ പഠിച്ചു.
36അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;
അവ അവർക്കൊരു കെണിയായിത്തീർന്നു.
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും
അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
38അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു,
ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
39ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,
അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
40അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു;
ദൈവം തന്‍റെ അവകാശത്തെ വെറുത്തു.
41കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു;
അവരെ വെറുത്തവർ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;
അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
43പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു;
എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു;
അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.
44എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ
കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
45ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു;
തന്‍റെ മഹാദയയാൽ മനസ്സുമാറ്റി.
46അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം
അവരോട് കനിവ് തോന്നുമാറാക്കി.
47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും
അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും
ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ.
48യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ.
യഹോവയെ സ്തുതിക്കുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 106: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.