സങ്കീർത്തനങ്ങൾ 106:1-12

സങ്കീർത്തനങ്ങൾ 106:1-12 MCV

യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും? ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ. യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ, അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു! ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു. എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ. അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി. അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു. ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല. അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.