സങ്കീർത്തനങ്ങൾ 105:1-15
സങ്കീർത്തനങ്ങൾ 105:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ; അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ, അവൻ ചെയ്ത അദ്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ. അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവഭൂമിയിലും ഉണ്ട്. അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു. അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു. നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു. അവർ ഒരു ജാതിയെ വിട്ട് മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും. അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ. അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിൻ; അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ. അവിടുത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ. സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. സർവേശ്വരനെ ആരാധിക്കുവിൻ; അവിടുത്തെ ബലത്തിൽ ആശ്രയിക്കുവിൻ. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ. അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓർക്കുവിൻ. അവിടുത്തെ അടയാളങ്ങളും അവിടുത്തെ ന്യായവിധികളും തന്നെ. സർവേശ്വരനാണു നമ്മുടെ ദൈവം; അവിടുത്തെ ന്യായവിധികൾ ഭൂമി മുഴുവനും ബാധകമാണ്. അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും, തന്റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല. അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ, യാക്കോബിന് ഒരു ചട്ടമായി സർവേശ്വരൻ അതു സ്ഥാപിച്ചു. ഇസ്രായേലിനുള്ള ശാശ്വത ഉടമ്പടിയായിത്തന്നെ. ഞാൻ നിനക്കു കനാൻദേശം നല്‌കും. അത് നിനക്കുള്ള അവകാശമായിരിക്കും. അന്ന് അവർ എണ്ണത്തിൽ കുറഞ്ഞ വളരെ ചെറിയ കൂട്ടമായിരുന്നു. അവർ കനാൻദേശത്തു പരദേശികളായിരുന്നു. അവർ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ അലഞ്ഞുനടന്നു. അവരെ പീഡിപ്പിക്കാൻ ആരെയും അവിടുന്നു അനുവദിച്ചില്ല. അവരെ സംരക്ഷിക്കാൻവേണ്ടി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു. “എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്മാർക്ക് ഒരുപദ്രവവും ചെയ്യരുത്.”
സങ്കീർത്തനങ്ങൾ 105:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ. കർത്താവിന് പാടുവിൻ; ദൈവത്തിന് കീർത്തനം പാടുവിൻ; അവിടുത്തെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ. ദൈവത്തിന്‍റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവിടുത്തെ ബലത്തെയും തിരയുവിൻ; ദൈവമുഖം ഇടവിടാതെ അന്വേഷിക്കുവിൻ. ദൈവത്തിന്‍റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവിടുന്ന് തിരഞ്ഞെടുത്ത യാക്കോബിന്‍റെ മക്കളുമേ, അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അവിടുത്തെ അടയാളങ്ങളും അവിടുത്തെ വായിൽനിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ. കർത്താവ് നമ്മുടെ ദൈവമായ യഹോവയാകുന്നു; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്. കർത്താവ് തന്‍റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു. ദൈവം അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. ദൈവം അതിനെ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിനു ഒരു നിത്യനിയമമായും നിയമിച്ചു. “നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും” എന്നരുളിച്ചെയ്തു. അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു. അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു. അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു: “എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്‍റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവെക്കു സ്തോത്രംചെയ്‌വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ, അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ. അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു. അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു. അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ. അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു. നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു. അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും. അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 105:1-15 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക. അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും. യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക. അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്. അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ. അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി: “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.” അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ, അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു. അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു: “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”