സങ്കീർത്തനങ്ങൾ 102:1-17

സങ്കീർത്തനങ്ങൾ 102:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ച നിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ. ഞാൻ ഉറക്കിളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു. നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണികയും തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർഥന കടാക്ഷിക്കയും അവരുടെ പ്രാർഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട് ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.

സങ്കീർത്തനങ്ങൾ 102:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ. അവിടുന്ന് എന്നിൽനിന്നു മറഞ്ഞിരിക്കരുതേ, ഞാൻ കഷ്ടതയിലായിരിക്കുന്നു. എന്റെ അപേക്ഷ കേൾക്കണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം എനിക്കുത്തരമരുളണമേ. എന്റെ ആയുസ്സു പുകപോലെ മാഞ്ഞുപോകുന്നു. എന്റെ ശരീരം കനലുപോലെ കത്തുന്നു. ഞാൻ അരിഞ്ഞ പുല്ലുപോലെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു. കരഞ്ഞു കരഞ്ഞു ഞാൻ എല്ലും തോലുമായിരിക്കുന്നു. മരുഭൂമിയിലെ വേഴാമ്പൽപോലെയും വിജനസ്ഥലത്തെ മൂങ്ങാപോലെയും ഞാൻ ആയിരിക്കുന്നു. ഞാൻ ഉറക്കമില്ലാത്തവനായി; പുരമുകളിലെ ഇണയറ്റ പക്ഷിയെപ്പോലെയായി ഞാൻ. ശത്രുക്കൾ എന്നെ ഇടവിടാതെ നിന്ദിക്കുന്നു. നിന്ദകന്മാർക്ക് എന്റെ പേര് ശാപവാക്കായി. ദൈവമേ, അങ്ങയുടെ കോപവും രോഷവും നിമിത്തം, എനിക്കു ചാരം ആഹാരമായി തീർന്നിരിക്കുന്നു. എന്റെ കുടിനീരിൽ കണ്ണുനീർ കലരുന്നു. അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നുവല്ലോ. സായാഹ്നത്തിലെ നിഴൽപോലെ എന്റെ ആയുസ്സു തീരാറായിരിക്കുന്നു. പുല്ലുപോലെ ഞാൻ ഉണങ്ങിക്കരിയുന്നു. സർവേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തിൽ വാഴുന്നു. എല്ലാ തലമുറകളും അങ്ങയുടെ നാമം ഓർക്കും. അങ്ങു സീയോനോടു കരുണ കാണിക്കും; അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു. ഇപ്പോഴാണ് അതിനുള്ള സമയം. അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയവും അവളുടെ പൂഴിയോട് അനുകമ്പയും തോന്നുന്നു. സർവേശ്വരൻ സീയോനെ വീണ്ടും പണിയുകയും അവിടുന്നു മഹത്ത്വത്തോടെ പ്രത്യക്ഷനാകുകയും ചെയ്യുമ്പോൾ ജനതകൾ സർവേശ്വരനെയും, ഭൂമിയിലെ എല്ലാ രാജാക്കന്മാരും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുന്നു അഗതികളുടെ പ്രാർഥന ശ്രദ്ധിക്കുന്നു. അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.

സങ്കീർത്തനങ്ങൾ 102:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്‍റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു. എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം എന്‍റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോട് ചീറുന്നവർ എന്‍റെ പേര് ചൊല്ലി ശപിക്കുന്നു. ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. എന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണിയുകയും തന്‍റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും.

സങ്കീർത്തനങ്ങൾ 102:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ. എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ. എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു. നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു. യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.

സങ്കീർത്തനങ്ങൾ 102:1-17 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ. എന്റെ ദുരിതദിനങ്ങളിൽ അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ. അങ്ങയുടെ ചെവി എന്നിലേക്കു ചായ്‌ക്കണമേ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു; എന്റെ അസ്ഥികൾ കൽക്കരിക്കനൽപോലെ കത്തിയെരിയുന്നു. എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു; ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു. ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം, ഞാൻ എല്ലുംതോലും ആയിത്തീർന്നിരിക്കുന്നു. ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു; അവശിഷ്ടങ്ങൾക്കിടയിലെ മൂങ്ങപോലെതന്നെ. എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു; പുരമുകളിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെതന്നെ. ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു; എന്നെ പരിഹസിക്കുന്നവർ എന്റെ പേരുതന്നെ ഒരു ശാപവാക്കായി ഉപയോഗിക്കുന്നു. ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നു എന്റെ പാനീയത്തിൽ ഞാൻ കണ്ണുനീർ കലർത്തുന്നു അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം; അവിടന്ന് എന്നെ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞുകളഞ്ഞല്ലോ. എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു; പുല്ലുപോലെ ഞാൻ ഉണങ്ങിപ്പോകുന്നു. എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു; അങ്ങയുടെ ഔന്നത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നു. അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും; അവളോട് കരുണ കാണിക്കുന്നതിനുള്ള സമയമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നല്ലോ. അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു; അവളുടെ ധൂളിപോലും അവരിൽ അനുകമ്പ ഉയർത്തുന്നു. രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും, ഭൂമിയിലെ സകലരാജാക്കന്മാരും അവിടത്തെ മഹത്ത്വത്തെ ആദരിക്കും. കാരണം യഹോവ സീയോനെ പുനർനിർമിക്കുകയും അവിടന്ന് തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും. അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കും അവരുടെ യാചന അവിടന്ന് നിരാകരിക്കുകയില്ല.