സങ്കീ. 102:1-17

സങ്കീ. 102:1-17 IRVMAL

യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്‍റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു. എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം എന്‍റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോട് ചീറുന്നവർ എന്‍റെ പേര് ചൊല്ലി ശപിക്കുന്നു. ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. എന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണിയുകയും തന്‍റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും.