സങ്കീർത്തനങ്ങൾ 101:1-5
സങ്കീർത്തനങ്ങൾ 101:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ദയയെയും ന്യായത്തെയുംകുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അത് എന്നോടു ചേർന്നു പറ്റുകയില്ല. വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല. കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കയില്ല.
സങ്കീർത്തനങ്ങൾ 101:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും, സർവേശ്വരാ, ഞാൻ അങ്ങേക്കു കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗത്തിൽ നടക്കും; എപ്പോഴാണ് അവിടുന്ന് എന്റെ അടുക്കൽ വരിക? ഞാൻ എന്റെ ഭവനത്തിൽ പരമാർഥഹൃദയത്തോടെ ജീവിക്കും. നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. ഞാനതിൽ പങ്കു ചേരുകയില്ല. വക്രതയെ ഞാൻ അകറ്റിനിർത്തും, തിന്മയോട് എനിക്കു ബന്ധമില്ല. അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.
സങ്കീർത്തനങ്ങൾ 101:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ അങ്ങ് എന്‍റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല. വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല. കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
സങ്കീർത്തനങ്ങൾ 101:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും. ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും. ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല. വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല. കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
സങ്കീർത്തനങ്ങൾ 101:1-5 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും. നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും— അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? പരമാർഥഹൃദയത്തോടെ ഞാൻ എന്റെ ഭവനത്തിൽ പെരുമാറും. എന്റെ കണ്ണിനുമുന്നിൽ ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു; എനിക്ക് അവരുമായി യാതൊരു പങ്കുമില്ല. വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല. തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ ഞാൻ നശിപ്പിക്കും; അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ ഞാൻ സഹിക്കുകയില്ല.