സദൃശവാക്യങ്ങൾ 31:1-7
സദൃശവാക്യങ്ങൾ 31:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്. മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്? സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത്. വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുത്; ലെമൂവേലേ, രാജാക്കന്മാർക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാർക്ക് കൊള്ളരുത്. അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്. നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക. അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
സദൃശവാക്യങ്ങൾ 31:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മസ്സായിലെ ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്. എന്റെ പ്രാർഥനയ്‍ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ, എന്താണു ഞാൻ നിന്നോടു പറയേണ്ടത്? സ്‍ത്രീകൾക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്‍ത്രീകൾക്കു നിന്റെ കഴിവുകളും നല്‌കരുത്. വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല. ലെമൂവേലേ, രാജാക്കന്മാർക്ക് അതു ചേർന്നതല്ല; മദ്യാസക്തി ഭരണാധിപന്മാർക്ക് ഉചിതമല്ല. അവർ മദ്യപിച്ചു കല്പനകൾ വിസ്മരിക്കുകയും പീഡിതന്റെ ന്യായമായ അവകാശങ്ങൾ അവഗണിക്കുകയും ചെയ്യും. നശിക്കാൻ പോകുന്നവനു മദ്യവും കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക. അവർ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ.
സദൃശവാക്യങ്ങൾ 31:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ലെമൂവേൽ രാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു. മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ, എന്ത്? സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്‍റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്. വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല. അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്. നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക. അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും തന്‍റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.
സദൃശവാക്യങ്ങൾ 31:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു. മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു? സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു. വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു. അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു. നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക. അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
സദൃശവാക്യങ്ങൾ 31:1-7 സമകാലിക മലയാളവിവർത്തനം (MCV)
ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ. എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ. നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്. ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, സുരാപാനം രാജാക്കന്മാർക്കനുചിതം, മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല, അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ. നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ! അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.