സദൃശവാക്യങ്ങൾ 31:1-7

സദൃശവാക്യങ്ങൾ 31:1-7 MCV

ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ. എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ. നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്. ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, സുരാപാനം രാജാക്കന്മാർക്കനുചിതം, മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല, അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ. നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ! അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.