സദൃശവാക്യങ്ങൾ 23:17-35
സദൃശവാക്യങ്ങൾ 23:17-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർധിപ്പിക്കുന്നു. ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പ്? വീഞ്ഞ് കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചി നോക്കുവാൻ പോകുന്നവർക്കും തന്നെ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. അവർ എന്നെ അടിച്ചു, എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.
സദൃശവാക്യങ്ങൾ 23:17-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവൻ ആയിരിക്കുക. അങ്ങനെയെങ്കിൽ നിനക്കു ശോഭനമായ ഭാവിയുണ്ട്; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയില്ല. മകനേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേർവഴിയെ നയിക്കുക. നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയിൽ കഴിയരുത്. മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും. നിന്റെ പിതാവിന്റെ വാക്കു കേൾക്കുക; വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്. എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആർജിക്കുക. നീതിമാന്റെ പിതാവ് അത്യധികം ആനന്ദിക്കും; ജ്ഞാനിയായ പുത്രനുള്ളവൻ അവൻമൂലം സന്തോഷിക്കും. നിന്റെ മാതാപിതാക്കൾ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, ഞാൻ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്റെ വഴികൾ നീ അനുവർത്തിക്കുക. അഭിസാരിക ആഴമേറിയ ഗർത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും. കൊള്ളക്കാരനെപ്പോലെ അവൾ പതിയിരിക്കുന്നു; അവിശ്വസ്തരുടെ സംഖ്യ അവൾ വർധിപ്പിക്കുന്നു. ആർക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും? അകാരണമായ മുറിവുകൾ ആർക്കാണ്? ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക? വീര്യമുള്ള വീഞ്ഞു കുടിക്കുന്നവർക്കും ദീർഘനേരം മദ്യപിച്ചു കഴിയുന്നവർക്കും തന്നെ. ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും നീ നോക്കി നില്‌ക്കരുത്. അവസാനം അതു സർപ്പത്തെപ്പോലെ കടിക്കും; അണലിയെപ്പോലെ കൊത്തും. അപ്പോൾ നീ അസാധാരണ കാഴ്ചകൾ കാണും; നീ വേണ്ടാത്ത കാര്യങ്ങൾ പറയും. നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും. “അവർ എന്നെ അടിച്ചു; എന്നാൽ എനിക്കു വേദനിച്ചില്ല; അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോൾ ഞാൻ ഉണരും? ഞാൻ ഇനിയും കുടിക്കും” എന്നു നീ പറയും.
സദൃശവാക്യങ്ങൾ 23:17-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്കുക; നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്ക് തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ. വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. “അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്നു നീ പറയും.
സദൃശവാക്യങ്ങൾ 23:17-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു. നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ. വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർദ്ധിപ്പിക്കുന്നു. ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
സദൃശവാക്യങ്ങൾ 23:17-35 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക. നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല. എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക: അമിതമായി മദ്യം കുടിക്കുന്നവരുടെയോ മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്, കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും; മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും. നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്. സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്; ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക. നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്; ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും. നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ. എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ, വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്; ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്. കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു. ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം? ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി? ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്? മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ. വീഞ്ഞു ചെമന്നിരിക്കുമ്പോഴും ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്. ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും. നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും. “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.