സദൃശവാക്യങ്ങൾ 23
23
ഏഴാംസൂക്തം
1ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,
നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക,
2നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ
നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക.
3അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,
കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്.
എട്ടാംസൂക്തം
4സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്;
തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.
5ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും,
അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും
ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.
ഒൻപതാംസൂക്തം
6അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്,
അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്;
7കാരണം അവരെപ്പോഴും
അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്.
“ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും,
എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല.
8ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും
നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും.
പത്താംസൂക്തം
9ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്,
കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും.
പതിനൊന്നാംസൂക്തം
10പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ
അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്,
11കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്;
അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും.
പന്ത്രണ്ടാംസൂക്തം
12നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും
കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക.
പതിമ്മൂന്നാംസൂക്തം
13മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;
വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.
14അവരെ വടികൊണ്ട് ശിക്ഷിക്കുക,
അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.
പതിനാലാംസൂക്തം
15എന്റെ കുഞ്ഞേ,#23:15 മൂ.ഭാ. എന്റെ മകനേ; വാ. 19 കാണുക. നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,
എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും;
16നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ
എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും.
പതിനഞ്ചാംസൂക്തം
17നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്,
എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.
18നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം,
നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
പതിനാറാംസൂക്തം
19എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,
നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:
20അമിതമായി മദ്യം കുടിക്കുന്നവരുടെയോ
മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
21കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
പതിനേഴാംസൂക്തം
22നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,
നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.
23സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;
ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക.
24നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;
ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.
25നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;
നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.
പതിനെട്ടാംസൂക്തം
26എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക
നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,
27വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്;#23:27 മൂ.ഭാ. ആഴമുള്ള കുഴി
ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.#23:27 മൂ.ഭാ. ഇടുങ്ങിയ കിണർ
28കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു
പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു.
പത്തൊൻപതാംസൂക്തം
29ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി?
ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
30മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
31വീഞ്ഞു ചെമന്നിരിക്കുമ്പോഴും
ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും
അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
32ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
33നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
34നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും
കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും.
35“അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!
അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല!
ഇനി ഞാൻ എപ്പോഴാണ് ഉണരുക
അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സദൃശവാക്യങ്ങൾ 23: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.