THUFINGTE 23:17-35

THUFINGTE 23:17-35 MALCLBSI

നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവൻ ആയിരിക്കുക. അങ്ങനെയെങ്കിൽ നിനക്കു ശോഭനമായ ഭാവിയുണ്ട്; നിന്റെ പ്രത്യാശയ്‍ക്കു ഭംഗം വരികയില്ല. മകനേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേർവഴിയെ നയിക്കുക. നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയിൽ കഴിയരുത്. മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും. നിന്റെ പിതാവിന്റെ വാക്കു കേൾക്കുക; വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്. എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആർജിക്കുക. നീതിമാന്റെ പിതാവ് അത്യധികം ആനന്ദിക്കും; ജ്ഞാനിയായ പുത്രനുള്ളവൻ അവൻമൂലം സന്തോഷിക്കും. നിന്റെ മാതാപിതാക്കൾ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, ഞാൻ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്റെ വഴികൾ നീ അനുവർത്തിക്കുക. അഭിസാരിക ആഴമേറിയ ഗർത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും. കൊള്ളക്കാരനെപ്പോലെ അവൾ പതിയിരിക്കുന്നു; അവിശ്വസ്തരുടെ സംഖ്യ അവൾ വർധിപ്പിക്കുന്നു. ആർക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും? അകാരണമായ മുറിവുകൾ ആർക്കാണ്? ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക? വീര്യമുള്ള വീഞ്ഞു കുടിക്കുന്നവർക്കും ദീർഘനേരം മദ്യപിച്ചു കഴിയുന്നവർക്കും തന്നെ. ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും നീ നോക്കി നില്‌ക്കരുത്. അവസാനം അതു സർപ്പത്തെപ്പോലെ കടിക്കും; അണലിയെപ്പോലെ കൊത്തും. അപ്പോൾ നീ അസാധാരണ കാഴ്ചകൾ കാണും; നീ വേണ്ടാത്ത കാര്യങ്ങൾ പറയും. നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും. “അവർ എന്നെ അടിച്ചു; എന്നാൽ എനിക്കു വേദനിച്ചില്ല; അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോൾ ഞാൻ ഉണരും? ഞാൻ ഇനിയും കുടിക്കും” എന്നു നീ പറയും.

THUFINGTE 23 വായിക്കുക