സദൃശവാക്യങ്ങൾ 20:16-30

സദൃശവാക്യങ്ങൾ 20:16-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർഥ്യത്തോടെ യുദ്ധം ചെയ്ക. നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്. ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. ഞാൻ ദോഷത്തിനു പ്രതികാരം ചെയ്യുമെന്നു നീ പറയരുത്; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്. മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യനു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? 'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി. ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെമേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെയൊക്കെയും ശോധനചെയ്യുന്നു. ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു. ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

സദൃശവാക്യങ്ങൾ 20:16-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം കൈവശപ്പെടുത്തുക. പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക. വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരൽപോലെയാകുന്നു. നല്ല ആലോചനയോടെ പദ്ധതികൾ തയ്യാറാക്കുന്നു; ബുദ്ധിപൂർവമായ മാർഗദർശനത്തോടെ യുദ്ധം ചെയ്യുക. ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്. മാതാപിതാക്കന്മാരെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. തിടുക്കത്തിൽ കൈക്കലാക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമായിരിക്കുകയില്ല. “തിന്മയ്‍ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സർവേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല. മനുഷ്യന്റെ ചുവടുകൾ സർവേശ്വരൻ നിയന്ത്രിക്കുന്നു; തന്റെ വഴി ഗ്രഹിക്കാൻ മനുഷ്യന് എങ്ങനെ കഴിയും? “ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്. ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെമേൽ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു. മനുഷ്യചേതനയാണു സർവേശ്വരൻ കൊളുത്തിയ വിളക്ക്; അത് അവന്റെ മനസ്സിന്റെ ഉള്ളറകൾ പരിശോധിക്കുന്നു. കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു, നീതിയാൽ അദ്ദേഹത്തിന്റെ സിംഹാസനം നിലനില്‌ക്കുന്നു. ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം; നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം. മുറിപ്പെടുത്തുന്ന അടികൾ തിന്മ നീക്കിക്കളയുന്നു, അതു മനസ്സിന്റെ ഉള്ളറകൾ വെടിപ്പാക്കുന്നു.

സദൃശവാക്യങ്ങൾ 20:16-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും. പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക. നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്. ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല. ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല. മനുഷ്യന്‍റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം? “ഇത് നിവേദിതം” എന്നു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി. ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്‍റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു. ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്‍റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

സദൃശവാക്യങ്ങൾ 20:16-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക. നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു. ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും. ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു. മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി. ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു. ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

സദൃശവാക്യങ്ങൾ 20:16-30 സമകാലിക മലയാളവിവർത്തനം (MCV)

അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക. വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും. ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്. കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്. നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും. തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല. “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും. വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല. മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും? ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്. ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു. യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു. സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു. ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, നരച്ചതല വൃദ്ധർക്കു ഗാംഭീര്യം. ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു, പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു.