THUFINGTE 20:16-30

THUFINGTE 20:16-30 MALCLBSI

അപരിചിതനുവേണ്ടി ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം കൈവശപ്പെടുത്തുക. പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക. വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്‍ക്ക് അതു ചരൽപോലെയാകുന്നു. നല്ല ആലോചനയോടെ പദ്ധതികൾ തയ്യാറാക്കുന്നു; ബുദ്ധിപൂർവമായ മാർഗദർശനത്തോടെ യുദ്ധം ചെയ്യുക. ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്. മാതാപിതാക്കന്മാരെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. തിടുക്കത്തിൽ കൈക്കലാക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമായിരിക്കുകയില്ല. “തിന്മയ്‍ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സർവേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും. രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല. മനുഷ്യന്റെ ചുവടുകൾ സർവേശ്വരൻ നിയന്ത്രിക്കുന്നു; തന്റെ വഴി ഗ്രഹിക്കാൻ മനുഷ്യന് എങ്ങനെ കഴിയും? “ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്. ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെമേൽ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു. മനുഷ്യചേതനയാണു സർവേശ്വരൻ കൊളുത്തിയ വിളക്ക്; അത് അവന്റെ മനസ്സിന്റെ ഉള്ളറകൾ പരിശോധിക്കുന്നു. കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു, നീതിയാൽ അദ്ദേഹത്തിന്റെ സിംഹാസനം നിലനില്‌ക്കുന്നു. ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം; നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം. മുറിപ്പെടുത്തുന്ന അടികൾ തിന്മ നീക്കിക്കളയുന്നു, അതു മനസ്സിന്റെ ഉള്ളറകൾ വെടിപ്പാക്കുന്നു.

THUFINGTE 20 വായിക്കുക