സദൃ. 20
20
1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
2രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനംപോലെ;
അവനെ കോപിപ്പിക്കുന്നവൻ തന്‍റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം;
എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.
6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും;
എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?
7പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
അവന്‍റെ ശേഷം, അവന്‍റെ മക്കളും ഭാഗ്യവാന്മാർ.
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
തന്‍റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.
9ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ച്
പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്നു ആർക്ക് പറയാം?
10രണ്ടുതരം തൂക്കവും രണ്ടുതരം അളവും
രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.
11ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്‍റെ പ്രവൃത്തി
വെടിപ്പും നേരുമുള്ളതും ആകുമോ എന്നു അറിയാം.
12കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്,
ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്;
നീ കണ്ണ് തുറക്കുക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
14വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു;
വാങ്ങി തന്‍റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
16അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക;
അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.
17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം;
പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും.
18പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു;
ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
ആകയാൽ വിടുവായനോട് ഇടപെടരുത്.
20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം;
അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
22ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്;
യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
23രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്;
കള്ളത്തുലാസും നല്ലതല്ല.
24മനുഷ്യന്‍റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
പിന്നെ മനുഷ്യന് തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം?
25“ഇത് നിവേദിതം” എന്നു തിടുക്കത്തിൽ നേരുന്നതും
നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു;
അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
27മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം;
അത് അവന്‍റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.
28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;
ദയകൊണ്ട് അവൻ തന്‍റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30ഹൃദയത്തിന്‍റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും
പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സദൃ. 20: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.