സദൃശവാക്യങ്ങൾ 17:1-14
സദൃശവാക്യങ്ങൾ 17:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ. ദുഷ്കർമി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിനു ചെവികൊടുക്കുന്നു. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല. മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാർ തന്നെ. സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ? സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും; അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും. സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായൊരു ദൂതനെ അവന്റെ നേരേ അയയ്ക്കും. മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം. ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പേ തർക്കം നിർത്തിക്കളക.
സദൃശവാക്യങ്ങൾ 17:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്. നിന്ദ്യമായി വർത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസൻ ഭരിക്കും. പുത്രന്മാരിൽ ഒരാളെപ്പോലെ കുടുംബസ്വത്തിന്റെ ഓഹരി അയാൾ നേടും. വെള്ളി മൂശയിലും സ്വർണം ഉലയിലും പുടം ചെയ്യുംപോലെ സർവേശ്വരൻ ഹൃദയങ്ങളെ ശോധന ചെയ്യുന്നു. ദുഷ്കർമി ദുർജനത്തിന്റെ വാക്കു കേൾക്കുന്നു, നുണയൻ അപവാദത്തിനു ചെവി കൊടുക്കുന്നു. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. അന്യന്റെ വിപത്തിൽ സന്തോഷിക്കുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല. പേരക്കിടാങ്ങൾ വൃദ്ധന്മാർക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാർതന്നെ. സുഭാഷിതം ഭോഷനു ചേർന്നതല്ല; വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല. കൈക്കൂലി കൊടുക്കുന്നവൻ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു; അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും അഭിവൃദ്ധിപ്പെടാമെന്നാണ് അവന്റെ വിചാരം. അപരാധം ക്ഷമിക്കുന്നവൻ സ്നേഹം നേടുന്നു; എന്നാൽ അതു പറഞ്ഞു പരത്തുന്നവൻ മിത്രങ്ങളെ അകറ്റുന്നു. ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്. നിഷേധി കലഹം അന്വേഷിക്കുന്നു; അവനെതിരെ നിഷ്ഠുരനായ ദൂതൻ അയയ്‍ക്കപ്പെടും. ഭോഷനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിലും ഭേദം കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട പെൺകരടിയെ നേരിടുകയാണ്. നന്മയ്‍ക്കു പകരം തിന്മ പ്രവർത്തിക്കുന്നവന്റെ ഭവനത്തിൽനിന്ന് അനർഥം വിട്ടകലുകയില്ല. അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതുകൊണ്ടു തുടക്കത്തിൽത്തന്നെ കലഹം ഒഴിവാക്കുക.
സദൃശവാക്യങ്ങൾ 17:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും. മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
സദൃശവാക്യങ്ങൾ 17:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു. നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ. ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല. മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ. സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ? സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും. സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും. മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും. മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം. ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.
സദൃശവാക്യങ്ങൾ 17:1-14 സമകാലിക മലയാളവിവർത്തനം (MCV)
സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്. വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും. തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു. ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു; കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു. ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു; അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്. അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല— വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും! കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു. അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു, എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു. ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു. അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു; അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും. കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്, ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്. നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്, തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല. കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്; അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക.