സദൃശവാക്യങ്ങൾ 11:16-25
സദൃശവാക്യങ്ങൾ 11:16-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാർഗികളോ അവനു പ്രസാദം. ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.
സദൃശവാക്യങ്ങൾ 11:16-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യൻ സമ്പത്തുണ്ടാക്കുന്നു. ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു. ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാൽ നീതി വിതയ്‍ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും. നീതിയിൽ ഉറച്ചുനില്‌ക്കുന്നവൻ ജീവിക്കും, തിന്മയെ പിന്തുടരുന്നവൻ മരിക്കും. വക്രബുദ്ധികളെ സർവേശ്വരൻ വെറുക്കുന്നു; നിഷ്കളങ്കരിൽ അവിടുന്നു പ്രസാദിക്കുന്നു. ദുഷ്ടനു തീർച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും. വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെയാണ്. നീതിമാന്റെ ആഗ്രഹം നന്മയിലും ദുർജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു. ഒരുവൻ ഉദാരമായി നല്‌കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.
സദൃശവാക്യങ്ങൾ 11:16-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്‍റെ മരണത്തിനായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തിപോലെ. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
സദൃശവാക്യങ്ങൾ 11:16-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം. ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
സദൃശവാക്യങ്ങൾ 11:16-25 സമകാലിക മലയാളവിവർത്തനം (MCV)
ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു. ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു. ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു, എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു. നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും, എന്നാൽ അധർമം പിൻതുടരുന്നവർ മരണത്തെ പുൽകുന്നു. യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു, എന്നാൽ നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവരിൽ അവിടന്ന് ആനന്ദിക്കുന്നു. ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം, എന്നാൽ നീതിനിഷ്ഠരുടെ സന്തതി സ്വതന്ത്രരാക്കപ്പെടും. വിവേചനശക്തിയില്ലാത്ത സുന്ദരി, പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ. നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു, എന്നാൽ ദുഷ്ടരുടെ പ്രതീക്ഷ ന്യായവിധിമാത്രം. ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു. ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.