സദൃശവാക്യങ്ങൾ 11:16-25

സദൃശവാക്യങ്ങൾ 11:16-25 വേദപുസ്തകം

ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു. വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം. ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.