സംഖ്യാപുസ്തകം 32:16-24

സംഖ്യാപുസ്തകം 32:16-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞത്: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ. എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരുകയില്ല. യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ. അതിനു മോശെ അവരോടു പറഞ്ഞത്: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാനക്കരെ കടന്നുപോകുമെങ്കിൽ ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.

സംഖ്യാപുസ്തകം 32:16-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ അവർ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകൾക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങൾ പണിയട്ടെ. എന്നാൽ ഇസ്രായേൽജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവർക്കു മുമ്പേ പോകാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികൾ മാത്രം തദ്ദേശവാസികളിൽനിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. ഇസ്രായേൽജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങൾ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല. യോർദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങൾ മറ്റ് ഇസ്രായേൽജനത്തോടൊപ്പം ഞങ്ങൾ അവകാശമാക്കുകയില്ല; യോർദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങൾക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.” മോശ അവരോടു പറഞ്ഞു: “നിങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കുമെങ്കിൽ ഇവിടെ സർവേശ്വരന്റെ സന്നിധിയിൽവച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക. നിങ്ങളുടെ യോദ്ധാക്കൾ എല്ലാവരും ആയുധധാരികളായി സർവേശ്വരന്റെ മുമ്പാകെ നില്‌ക്കുമെങ്കിൽ, അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾക്കു മടങ്ങിപ്പോരാം. അപ്പോൾ സർവേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങൾ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സർവേശ്വരന്റെ മുമ്പിൽ നിങ്ങൾക്കുള്ള അവകാശമായിത്തീരും. “അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ സർവേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്റെ ഫലം നിങ്ങൾ അനുഭവിക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിൻപറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങൾ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കണം.”

സംഖ്യാപുസ്തകം 32:16-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ. എങ്കിലും യിസ്രായേൽ മക്കളെ അവരുടെ സ്ഥലത്ത് കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്ക് മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. യിസ്രായേൽ മക്കൾ ഓരോരുത്തൻ താന്താന്‍റെ അവകാശം കൈവശമാക്കുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോരുകയില്ല. യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്ക് യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ.” അതിന് മോശെ അവരോട്, “നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾ യഥാർത്ഥമായി ഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഇവിടെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിൽ യുദ്ധത്തിന് പോകുവാൻ തയ്യാറാവുക. നിങ്ങളുടെ ഭടന്മാരെല്ലാം യോർദ്ദാൻ കടന്ന് യഹോവയുടെ ആജ്ഞപ്രകാരം, നമ്മുടെ ശത്രുക്കളെ ദൈവം തോൽപ്പിക്കുന്നതുവരെ അവരെ ആക്രമിക്കണം. ദേശം യഹോവയുടെ മുമ്പാകെ അധീനമായശേഷം നിങ്ങൾ മടങ്ങിപ്പോരുകയും യഹോവയുടെയും യിസ്രായേലിന്‍റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കുകയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുകയില്ല എങ്കിൽ നിങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിത് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊള്ളുവിൻ.”

സംഖ്യാപുസ്തകം 32:16-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ. എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല. യോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ. അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.

സംഖ്യാപുസ്തകം 32:16-24 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരെ അവരുടെ സ്ഥാനത്ത് എത്തിക്കുംവരെ ആയുധധാരികളായി അവർക്കുമുമ്പായി അണിനിരക്കാനും ഞങ്ങൾ തയ്യാറാണ്. അതേസമയം ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും തദ്ദേശവാസികളിൽനിന്ന് സംരക്ഷിക്കപ്പെടാൻ കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കും. സകല ഇസ്രായേല്യർക്കും അവരുടെ ഓഹരി ലഭിക്കുന്നതുവരെ ഞങ്ങൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങുകയില്ല. ഞങ്ങളുടെ ഓഹരി യോർദാന്റെ കിഴക്കുഭാഗത്ത് ഞങ്ങൾക്കു ലഭിച്ചിരിക്കുകയാൽ അവരോടൊപ്പം യോർദാന്റെ മറുകരയിൽ ഞങ്ങൾ ഓഹരി വാങ്ങുകയില്ല.” അപ്പോൾ മോശ അവരോടു പറഞ്ഞു: “ഈ വാക്കു നിങ്ങൾ പാലിക്കുമെങ്കിൽ യഹോവയുടെമുമ്പാകെ നിങ്ങൾ നിങ്ങളെത്തന്നെ യുദ്ധസന്നദ്ധരാക്കുകയും തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം. അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും. “എന്നാൽ ഇതു ചെയ്യുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയാൽ, യഹോവയ്ക്കെതിരായി നിങ്ങൾ പാപം ചെയ്യുകയായിരിക്കും; നിങ്ങളുടെ പാപത്തിനുള്ള ശിക്ഷ നിങ്ങൾതന്നെ അനുഭവിക്കുമെന്നു നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. നിങ്ങളുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി പട്ടണങ്ങളും കന്നുകാലികൾക്കായി തൊഴുത്തുകളും പണിയുക. എന്നാൽ നിങ്ങൾ ചെയ്ത വാഗ്ദാനവും നിറവേറ്റുക.”