സംഖ്യാപുസ്തകം 32:16-24

സംഖ്യാപുസ്തകം 32:16-24 MALOVBSI

അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞത്: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ. എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരുകയില്ല. യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ. അതിനു മോശെ അവരോടു പറഞ്ഞത്: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാനക്കരെ കടന്നുപോകുമെങ്കിൽ ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.