സംഖ്യാപുസ്തകം 27:12-23

സംഖ്യാപുസ്തകം 27:12-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യഹോവ മോശെയോടു കല്പിച്ചത്: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ. അപ്പോൾ മോശെ യഹോവയോട്: യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തു കൊണ്ടുവരുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചത്: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച് അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്ക. യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ മഹിമയിൽ ഒരംശം അവന്റെമേൽ വയ്ക്കേണം. അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീം മുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവസഭയും അവന്റെ വാക്കുപ്രകാരം പോകയും അവന്റെ വാക്കുപ്രകാരം വരികയും വേണം. യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. അവന്റെമേൽ കൈവച്ചു യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം 27:12-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ അബാരീംമലമുകളിൽ കയറിനിന്നു ഞാൻ ഇസ്രായേൽജനത്തിനു നല്‌കിയിരിക്കുന്ന ദേശം കാണുക. അതുകഴിഞ്ഞു നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും സ്വജനത്തോടു ചേരും. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാ നീരുറവയ്‍ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോൾ നിങ്ങൾ എന്റെ പരിശുദ്ധി അവരുടെ മുമ്പിൽ വെളിപ്പെടുത്താതെ എന്റെ കല്പന ധിക്കരിച്ചുവല്ലോ.” മോശ സർവേശ്വരനോട് അപേക്ഷിച്ചു: “സർവേശ്വരാ, സകല മനുഷ്യരുടെയും ജീവന്റെ ഉറവിടമായ ദൈവമേ, ഈ സമൂഹത്തിന്റെ മുമ്പിൽ നടന്ന് അവരെ നയിക്കാൻ ഒരാളെ നിയമിച്ചാലും. അവിടുത്തെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കട്ടെ.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നൂനിന്റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനിൽ എന്റെ ചൈതന്യം ഉണ്ട്. അവന്റെമേൽ നീ കൈ വയ്‍ക്കണം. അവനെ എലെയാസാർ പുരോഹിതന്റെയും, ജനസമൂഹം മുഴുവന്റെയും മുമ്പിൽ നിർത്തി, അവർ എല്ലാവരും കാൺകെ അവനെ നിന്റെ പിൻഗാമിയായി നിയോഗിക്കുക. നിന്റെ അധികാരം അവനു കൊടുക്കുക; അപ്പോൾ ഇസ്രായേൽസമൂഹം മുഴുവൻ അവനെ അനുസരിക്കും. അവൻ എലെയാസാർ പുരോഹിതന്റെ മുമ്പിൽ നില്‌ക്കണം. എലെയാസാർ, ഊരീം മുഖേന സർവേശ്വരന്റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിർദ്ദേശങ്ങൾ ജനം മുഴുവനും അനുസരിക്കണം.” സർവേശ്വരന്റെ കല്പനപ്രകാരം മോശ പ്രവർത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാർ പുരോഹിതന്റെയും ജനസമൂഹം മുഴുവന്റെയും മുമ്പാകെ നിർത്തി. അവിടുന്നു കല്പിച്ചതുപോലെ മോശ തന്റെ കൈകൾ യോശുവയുടെ തലയിൽവച്ച് അവനെ തന്റെ പിൻഗാമിയായി നിയോഗിച്ചു.

സംഖ്യാപുസ്തകം 27:12-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക. അത് കണ്ടതിനുശേഷം നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്‍റെ ജനത്തോട് ചേരും. സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്‍റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്‍റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ.” അപ്പോൾ മോശെ യഹോവയോട്: “യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും അകത്ത് കൊണ്ടുവരുവാനും സകലജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്നു പറഞ്ഞു. യഹോവ മോശെയോട് കല്പിച്ചത്: “നൂന്‍റെ മകനും എന്‍റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്‍റെമേൽ കൈവച്ച് അവനെ പുരോഹിതനായ എലെയാസരിന്‍റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവനു ആജ്ഞ കൊടുക്കുക. യിസ്രായേൽ മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്‍റെ ആജ്ഞാശക്തിയിൽ ഒരംശം അവന്‍റെമേൽ വയ്ക്കേണം. അവൻ പുരോഹിതനായ എലെയാസാരിന്‍റെ മുമ്പാകെ നില്ക്കേണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്‍റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം.” യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസരിന്‍റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി. അവന്‍റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവനു ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം 27:12-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ. അപ്പോൾ മോശെ യഹോവയോടു: യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തുകൊണ്ടു വരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു അവന്റെ മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞ കൊടുക്ക. യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം. അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം പോകയും അവന്റെ വാക്കുപ്രകാരം വരികയും വേണം. യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി. അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന്നു ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം 27:12-23 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക. നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും. സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ. മോശ യഹോവയോട്, “യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു. അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക. അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക. നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും. അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.” യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.