സംഖ്യ 27
27
സെലോഫഹാദിന്റെ പുത്രിമാർ
1യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു. 2അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു: 3“ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല. 4ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.”
5അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു. 6യഹോവ മോശയോട് അരുളിച്ചെയ്തു: 7“സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം.
8“ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം. 9അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം. 10അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം. 11അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’ ”
യോശുവ മോശയുടെ പിൻഗാമി
12ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക. 13നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും. 14സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.
15മോശ യഹോവയോട്, 16-17“യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു.
18അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക. 19അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക. 20നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും. 21അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.”
22യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. 23യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ 27: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.