സംഖ്യാപുസ്തകം 20:2-12
സംഖ്യാപുസ്തകം 20:2-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനത്തിനു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശെയോട്: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും; പാറയിൽനിന്ന് അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്ന് അരുളിച്ചെയ്തു. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 20:2-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി. ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരർ സർവേശ്വരന്റെ മുമ്പിൽ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കിൽ! നിങ്ങൾ എന്തിന് ഈ മരുഭൂമിയിലേക്കു സർവേശ്വരന്റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ? ഈജിപ്തിൽനിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂർണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവും ഇല്ല.” മോശയും അഹരോനും ജനസമൂഹത്തിന്റെ മുമ്പിൽനിന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ചെന്ന് അവിടെ കവിണ്ണുവീണു. സർവേശ്വരന്റെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ നിന്റെ വടിയെടുക്കുക, നീയും നിന്റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേൽസമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവർ കാൺകെ പാറയോടു ജലം തരാൻ കല്പിക്കുക. അപ്പോൾ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങൾ പാറയിൽനിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കുക.” സർവേശ്വരൻ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയിൽനിന്നു മോശ വടിയെടുത്തു. മോശയും അഹരോനും സർവജനത്തെയും പാറയുടെ മുമ്പിൽ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയിൽനിന്നു നിങ്ങൾക്കുവേണ്ടി ഞങ്ങൾ ജലം പുറപ്പെടുവിക്കണമോ?” മോശ കൈ ഉയർത്തി വടികൊണ്ടു പാറമേൽ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതിൽനിന്നു കുടിച്ചു. പിന്നീടു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്റെ വിശുദ്ധി വെളിവാക്കാൻ തക്കവിധം നിങ്ങൾ എന്നിൽ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവർക്കു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തേക്കു നിങ്ങൾ ഇവരെ കൊണ്ടുപോകുകയില്ല.”
സംഖ്യാപുസ്തകം 20:2-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്നു പറഞ്ഞു. അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ചെന്നു കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി. യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക. എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കേണം” എന്നു അരുളിച്ചെയ്തു. തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്നു അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 20:2-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി. ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു? ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
സംഖ്യാപുസ്തകം 20:2-12 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു. അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു? ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.” മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.” അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു. എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.