സംഖ്യ 20:2-12

സംഖ്യ 20:2-12 MCV

എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു. അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു? ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.” മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. യഹോവ മോശയോട് അരുളിച്ചെയ്തു: “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.” അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു. എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.