സംഖ്യാപുസ്തകം 20:2-12

സംഖ്യാപുസ്തകം 20:2-12 വേദപുസ്തകം

ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി. ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു. ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു? ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.