സംഖ്യാപുസ്തകം 13:25-33
സംഖ്യാപുസ്തകം 13:25-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവർ യാത്ര ചെയ്തു പാരാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവസഭയുടെയും അടുക്കൽവന്ന് അവരോടും സർവസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങൾ ഇതാ. എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. അമാലേക്യർ തെക്കേ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവതങ്ങളിൽ പാർക്കുന്നു; കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു. എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു. എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരേ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.
സംഖ്യാപുസ്തകം 13:25-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവർ മടങ്ങിവന്നു. അവർ പാരാൻമരുഭൂമിയിലുള്ള കാദേശിൽവച്ച് മോശയെയും അഹരോനെയും ഇസ്രായേൽസമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവർ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു. അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങൾ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങൾ. എന്നാൽ ആ ദേശവാസികൾ കരുത്തുറ്റവരും അവരുടെ പട്ടണങ്ങൾ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്റെ വംശജരെയും ഞങ്ങൾ അവിടെ കണ്ടു. നെഗെബ്‍ദേശത്തു പാർക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യർ കടൽക്കരയിലും യോർദ്ദാൻപ്രദേശത്തും വസിക്കുന്നു.” അപ്പോൾ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോൾത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്. എന്നാൽ കാലേബിനോടൊപ്പം പോയിരുന്നവർ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാൻ നമുക്കു കഴികയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” “അങ്ങനെ തങ്ങൾ ഒറ്റുനോക്കാൻ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാർക്കാൻ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങൾ അവിടെ കണ്ടത്. അനാക്കിന്റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പിൽ ഞങ്ങൾ വെറും വിട്ടിലുകളാണെന്നു ഞങ്ങൾക്കു തോന്നി. അവർക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”
സംഖ്യാപുസ്തകം 13:25-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു. അവർ യാത്രചെയ്ത് പാരാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്‍റെയും യിസ്രായേൽ മക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ. എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലുപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. അമാലേക്യർ തെക്കേ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു.” എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി: “നാം ചെന്നു അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും” എന്നു പറഞ്ഞു. എങ്കിലും അവനോടുകൂടെ പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴിയുകയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്നു പറഞ്ഞു. അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.“
സംഖ്യാപുസ്തകം 13:25-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽ വന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ. എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. അമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു. എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു. എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു.
സംഖ്യാപുസ്തകം 13:25-33 സമകാലിക മലയാളവിവർത്തനം (MCV)
നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി. അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു. അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ. എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു. അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.” അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.” എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്. ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”