സംഖ്യ 13:25-33

സംഖ്യ 13:25-33 MCV

നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി. അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു. അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ. എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു. അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.” അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.” എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്. ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”