സംഖ്യ. 13:25-33

സംഖ്യ. 13:25-33 IRVMAL

അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു. അവർ യാത്രചെയ്ത് പാരാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്‍റെയും യിസ്രായേൽ മക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ. എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലുപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്‍റെ പുത്രന്മാരെയും അവിടെ കണ്ടു. അമാലേക്യർ തെക്കേ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു.” എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി: “നാം ചെന്നു അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും” എന്നു പറഞ്ഞു. എങ്കിലും അവനോടുകൂടെ പോയ പുരുഷന്മാർ: “ആ ജനത്തിന്‍റെ നേരെ ചെല്ലുവാൻ നമുക്ക് കഴിയുകയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്നു പറഞ്ഞു. അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.“