സംഖ്യാപുസ്തകം 13:1-25

സംഖ്യാപുസ്തകം 13:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന് ആളുകളെ അയയ്ക്ക; അതതു ഗോത്രത്തിൽനിന്ന് ഓരോ ആളെ അയയ്ക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം. അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാരൊക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേർ ആവിത്: രൂബേൻഗോത്രത്തിൽ സക്കൂരിന്റെ മകൻ ശമ്മൂവ. ശിമെയോൻഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്. യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ. യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. ആശേർഗോത്രത്തിൽ മീഖായേലിന്റെ മകൻ സെഥൂർ. നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവതന്നെ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടു. മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ച് അവരോട്: നിങ്ങൾ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി: ദേശം ഏതുവിധമുള്ളത്, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, ദേശം പുഷ്‍ടിയുള്ളതോ പുഷ്‍ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനു പോകുന്ന വഴിയായി രഹോബ്‍വരെ ദേശത്തെ ശോധനചെയ്തു. അവർ തെക്കേ ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന് ഏഴു സംവത്സരം മുമ്പേ പണിതതായിരുന്നു. അവർ എസ്കോൽതാഴ്‌വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർ കൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്‌വര എന്നു പേരായി. അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.

സംഖ്യാപുസ്തകം 13:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനത്തിനു നല്‌കാൻ പോകുന്ന കനാൻദേശം ഒറ്റുനോക്കാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ നേതാവിനെ അയയ്‍ക്കുക. അവിടുന്നു കല്പിച്ചതുപോലെ പാരാൻമരുഭൂമിയിൽനിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേൽജനത്തിന്റെ തലവന്മാരായിരുന്നു. അവരുടെ പേരുകൾ: രൂബേൻഗോത്രത്തിൽനിന്നു സക്കൂറിന്റെ പുത്രൻ ശമ്മൂവ, ശിമെയോൻഗോത്രത്തിൽനിന്നു ഹോരിയുടെ പുത്രൻ ശാഫാത്ത്, യെഹൂദാഗോത്രത്തിൽനിന്നു യെഫുന്നെയുടെ പുത്രൻ കാലേബ്, ഇസ്സാഖാർഗോത്രത്തിൽനിന്നു യോസേഫിന്റെ പുത്രൻ ഈഗാൽ, എഫ്രയീംഗോത്രത്തിൽനിന്നു നൂനിന്റെ പുത്രൻ ഹോശേയ, ബെന്യാമീൻഗോത്രത്തിൽനിന്നു രാഫൂവിന്റെ പുത്രൻ പൽത്തി, സെബൂലൂൻഗോത്രത്തിൽനിന്നു സോദിയുടെ പുത്രൻ ഗദ്ദീയേൽ, യോസേഫിന്റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തിൽനിന്നു സൂസിയുടെ പുത്രൻ ഗദ്ദി, ദാൻഗോത്രത്തിൽനിന്നു ഗെമല്ലിയുടെ പുത്രൻ അമ്മീയേൽ, ആശേർഗോത്രത്തിൽനിന്നു മീഖായേലിന്റെ പുത്രൻ സെഥൂർ, നഫ്താലിഗോത്രത്തിൽനിന്നു വൊപ്സിയുടെ പുത്രൻ നഹ്ബി, ഗാദ്ഗോത്രത്തിൽനിന്നു മാഖിയുടെ പുത്രൻ ഗയൂവേൽ. ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്റെ മകനായ ഹോശേയയ്‍ക്ക് യോശുവ എന്നു മോശ പേരിട്ടു. ദേശം പരിശോധിക്കാൻ അയയ്‍ക്കുമ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ നെഗബിൽ ചെന്നിട്ടു മലനാട്ടിലേക്കു പോകുക. ദേശം എങ്ങനെയുള്ളത്, അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അവർ സംഖ്യയിൽ കൂടുതലോ കുറവോ, അവർ പാർക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങൾ കോട്ടകളാൽ സുരക്ഷിതമോ അതോ വെറും കൂടാരങ്ങൾ മാത്രമോ, ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങൾ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങൾ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്. അവർ പുറപ്പെട്ടു, സീൻമരുഭൂമിമുതൽ ഹാമാത്തിന്റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി. നെഗെബ് കടന്ന് അവർ ഹെബ്രോനിൽ എത്തി. അവിടെയായിരുന്നു അനാക്കിന്റെ പിൻതലമുറക്കാരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർത്തിരുന്നത്. ഈജിപ്തിലെ സോവാൻപട്ടണം നിർമ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്റെ നിർമ്മാണം. അവർ എസ്കോൽതാഴ്‌വരയിൽ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേൽ കെട്ടി രണ്ടു പേർകൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവർ കൊണ്ടുപോന്നു. ഇസ്രായേല്യർ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാൽ ആ സ്ഥലത്തിനു എസ്ക്കോൽ താഴ്‌വര എന്നു പേരായി. നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവർ മടങ്ങിവന്നു.

സംഖ്യാപുസ്തകം 13:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ മോശെയോട് അരുളിച്ചെയ്തത്: “യിസ്രായേൽ മക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്, ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളിനെ വീതം അയയ്ക്കേണം.” അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ യിസ്രായേൽ മക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂരിന്‍റെ മകൻ ശമ്മൂവ. ശിമെയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്. യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. യിസ്സാഖാർ ഗോത്രത്തിൽ യോസേഫിന്‍റെ മകൻ ഈഗാൽ. എഫ്രയീംഗോത്രത്തിൽ നൂന്‍റെ മകൻ ഹോശേയ. ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിൻ്റെ മകൻ പൽതി. സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ യോസേഫിന്‍റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. ആശേർ ഗോത്രത്തിൽ മീഖായേലിന്‍റെ മകൻ സെഥൂർ. നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ ആകുന്നു. എന്നാൽ മോശെ നൂന്‍റെ മകനായ ഹോശേയെക്ക് യോശുവ എന്നു പേരിട്ടു. കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കേ ദേശത്ത് ചെന്നു മലയിൽ കയറുക; ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി. അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്‍റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന് ഏഴു വര്‍ഷം മുമ്പ് പണിതതായിരുന്നു. അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടുകൂടി പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. യിസ്രായേൽ മക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി. അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.

സംഖ്യാപുസ്തകം 13:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം. അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ. ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്. യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്. യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ. നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു. മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി: ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തു തുടങ്ങുന്ന കാലം ആയിരുന്നു. അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു. അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു. അവർ എസ്കോൽതാഴ്‌വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്‌വര എന്നു പേരായി. അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.

സംഖ്യാപുസ്തകം 13:1-25 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേല്യർക്കു നൽകുന്ന കനാൻദേശം പര്യവേക്ഷണംചെയ്യാൻ ചില പുരുഷന്മാരെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അതിന്റെ പ്രഭുക്കന്മാരിൽ ഒരുവനെ അയയ്ക്കുക.” യഹോവ കൽപ്പിച്ചതുപോലെ പാരാൻ മരുഭൂമിയിൽനിന്ന് മോശ അവരെ അയച്ചു. അവർ എല്ലാവരും ഇസ്രായേല്യരുടെ പ്രഭുക്കന്മാരായിരുന്നു. അവരുടെ പേരുകൾ ഇവയാണ്: രൂബേൻഗോത്രത്തിൽനിന്ന്, സക്കൂറിന്റെ മകൻ ശമ്മൂവാ; ശിമെയോൻഗോത്രത്തിൽനിന്ന്, ഹോരിയുടെ മകൻ ശാഫാത്ത് യെഹൂദാഗോത്രത്തിൽനിന്ന്, യെഫുന്നയുടെ മകൻ കാലേബ്; യിസ്സാഖാർ ഗോത്രത്തിൽനിന്ന്, യോസേഫിന്റെ മകൻ യിഗാൽ; എഫ്രയീംഗോത്രത്തിൽനിന്ന്, നൂന്റെ മകൻ ഹോശേയാ, ബെന്യാമീൻഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ ഫൽതി; സെബൂലൂൻഗോത്രത്തിൽനിന്ന്, സോദിയുടെ മകൻ ഗദ്ദിയേൽ; യോസേഫിന്റെ ഒരു ഗോത്രമായ മനശ്ശെയിൽനിന്ന് സൂസിയുടെ മകൻ ഗദ്ദി; ദാൻഗോത്രത്തിൽനിന്ന്, ഗെമല്ലിയുടെ മകൻ അമ്മീയേൽ; ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ; നഫ്താലിഗോത്രത്തിൽനിന്ന് വൊപ്‌സിയുടെ മകൻ നഹ്ബി; ഗാദ്ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ. ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവയായിരുന്നു. മോശ നൂന്റെ മകൻ ഹോശേയായ്ക്ക് യോശുവ എന്നു പേരുനൽകി. കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക. ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക. എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ? മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.) അങ്ങനെ അവർ കയറിപ്പോയി സീൻ മരുഭൂമിമുതൽ, ലെബോ-ഹമാത്തിനുനേരേ രെഹോബുവരെയുള്ള ദേശം പര്യവേക്ഷണംചെയ്തു. അവർ തെക്കേദേശത്തിലൂടെ കയറിച്ചെന്ന് അനാക്യരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർക്കുന്ന ഹെബ്രോനിൽ വന്നു. പുരാതനനഗരമായ ഹെബ്രോൻ ഈജിപ്റ്റിലെ സോവാൻപട്ടണത്തിന് ഏഴുവർഷം മുമ്പു പണിയപ്പെട്ടിരുന്നു. അവർ എസ്കോൽ താഴ്വരയിൽ വന്ന്, ഒരുകുല മുന്തിരിങ്ങ മുറിച്ചെടുത്തു. അവരിൽ രണ്ടുപേർ കുറെ മാതളപ്പഴം അത്തിപ്പഴം എന്നിവയ്ക്കൊപ്പം ഒരു തണ്ടിൽ അതു ചുമന്നു. ഇസ്രായേല്യർ അവിടെവെച്ച് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിനു എസ്കോൽതാഴ്വര എന്നു പേരായി. നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി.