സംഖ്യ. 13:1-25

സംഖ്യ. 13:1-25 IRVMAL

യഹോവ മോശെയോട് അരുളിച്ചെയ്തത്: “യിസ്രായേൽ മക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്, ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളിനെ വീതം അയയ്ക്കേണം.” അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ യിസ്രായേൽ മക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂരിന്‍റെ മകൻ ശമ്മൂവ. ശിമെയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്. യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. യിസ്സാഖാർ ഗോത്രത്തിൽ യോസേഫിന്‍റെ മകൻ ഈഗാൽ. എഫ്രയീംഗോത്രത്തിൽ നൂന്‍റെ മകൻ ഹോശേയ. ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിൻ്റെ മകൻ പൽതി. സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ യോസേഫിന്‍റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. ആശേർ ഗോത്രത്തിൽ മീഖായേലിന്‍റെ മകൻ സെഥൂർ. നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ ആകുന്നു. എന്നാൽ മോശെ നൂന്‍റെ മകനായ ഹോശേയെക്ക് യോശുവ എന്നു പേരിട്ടു. കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കേ ദേശത്ത് ചെന്നു മലയിൽ കയറുക; ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി. അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്‍റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന് ഏഴു വര്‍ഷം മുമ്പ് പണിതതായിരുന്നു. അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടുകൂടി പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. യിസ്രായേൽ മക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി. അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.