സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനത്തിനു നല്‌കാൻ പോകുന്ന കനാൻദേശം ഒറ്റുനോക്കാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ നേതാവിനെ അയയ്‍ക്കുക. അവിടുന്നു കല്പിച്ചതുപോലെ പാരാൻമരുഭൂമിയിൽനിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേൽജനത്തിന്റെ തലവന്മാരായിരുന്നു. അവരുടെ പേരുകൾ: രൂബേൻഗോത്രത്തിൽനിന്നു സക്കൂറിന്റെ പുത്രൻ ശമ്മൂവ, ശിമെയോൻഗോത്രത്തിൽനിന്നു ഹോരിയുടെ പുത്രൻ ശാഫാത്ത്, യെഹൂദാഗോത്രത്തിൽനിന്നു യെഫുന്നെയുടെ പുത്രൻ കാലേബ്, ഇസ്സാഖാർഗോത്രത്തിൽനിന്നു യോസേഫിന്റെ പുത്രൻ ഈഗാൽ, എഫ്രയീംഗോത്രത്തിൽനിന്നു നൂനിന്റെ പുത്രൻ ഹോശേയ, ബെന്യാമീൻഗോത്രത്തിൽനിന്നു രാഫൂവിന്റെ പുത്രൻ പൽത്തി, സെബൂലൂൻഗോത്രത്തിൽനിന്നു സോദിയുടെ പുത്രൻ ഗദ്ദീയേൽ, യോസേഫിന്റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തിൽനിന്നു സൂസിയുടെ പുത്രൻ ഗദ്ദി, ദാൻഗോത്രത്തിൽനിന്നു ഗെമല്ലിയുടെ പുത്രൻ അമ്മീയേൽ, ആശേർഗോത്രത്തിൽനിന്നു മീഖായേലിന്റെ പുത്രൻ സെഥൂർ, നഫ്താലിഗോത്രത്തിൽനിന്നു വൊപ്സിയുടെ പുത്രൻ നഹ്ബി, ഗാദ്ഗോത്രത്തിൽനിന്നു മാഖിയുടെ പുത്രൻ ഗയൂവേൽ. ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്റെ മകനായ ഹോശേയയ്‍ക്ക് യോശുവ എന്നു മോശ പേരിട്ടു. ദേശം പരിശോധിക്കാൻ അയയ്‍ക്കുമ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ നെഗബിൽ ചെന്നിട്ടു മലനാട്ടിലേക്കു പോകുക. ദേശം എങ്ങനെയുള്ളത്, അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അവർ സംഖ്യയിൽ കൂടുതലോ കുറവോ, അവർ പാർക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങൾ കോട്ടകളാൽ സുരക്ഷിതമോ അതോ വെറും കൂടാരങ്ങൾ മാത്രമോ, ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങൾ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങൾ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്. അവർ പുറപ്പെട്ടു, സീൻമരുഭൂമിമുതൽ ഹാമാത്തിന്റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി. നെഗെബ് കടന്ന് അവർ ഹെബ്രോനിൽ എത്തി. അവിടെയായിരുന്നു അനാക്കിന്റെ പിൻതലമുറക്കാരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർത്തിരുന്നത്. ഈജിപ്തിലെ സോവാൻപട്ടണം നിർമ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്റെ നിർമ്മാണം. അവർ എസ്കോൽതാഴ്‌വരയിൽ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേൽ കെട്ടി രണ്ടു പേർകൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവർ കൊണ്ടുപോന്നു. ഇസ്രായേല്യർ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാൽ ആ സ്ഥലത്തിനു എസ്ക്കോൽ താഴ്‌വര എന്നു പേരായി. നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവർ മടങ്ങിവന്നു.
NUMBERS 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 13:1-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ