സംഖ്യാപുസ്തകം 10:11-36
സംഖ്യാപുസ്തകം 10:11-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു; മേഘം പാരാൻമരുഭൂമിയിൽ വന്നു നിന്നു. യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. സെബൂലൂൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു. പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ. ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവിർത്തുകഴിയും. പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ. ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു. പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോട്: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്ര ചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു. അതിന് അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും. ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു. അനന്തരം അവർ യഹോവയുടെ പർവതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിനു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി. പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്കു മീതെ ഉണ്ടായിരുന്നു. പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകയ്ക്കുന്നവർ നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും. അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.
സംഖ്യാപുസ്തകം 10:11-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഇരുപതാം ദിവസം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽനിന്നു മേഘം ഉയർന്നു. അപ്പോൾ ഇസ്രായേൽജനം സീനായ്മരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു. പാരാൻമരുഭൂമിയിൽ എത്തിയപ്പോൾ മേഘം അവിടെ നിന്നു. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരുന്നു. ഇസ്സാഖാർഗോത്രക്കാരുടെ നേതാവു സൂവാരിന്റെ പുത്രനായ നെഥനയേൽ. സെബൂലൂൻഗോത്രക്കാരെ നയിച്ചതു ഹേലോന്റെ പുത്രനായ എലീയാബ് ആയിരുന്നു. തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോൾ ഗേർശോന്റെയും മെരാരിയുടെയും പുത്രന്മാർ അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി. അവരുടെ പിറകെ രൂബേൻഗോത്രക്കാർ ഗണങ്ങളായി ശെദേയൂരിന്റെ പുത്രനായ എലീസൂരിന്റെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. ശിമെയോൻഗോത്രക്കാരുടെ നേതാവ് സൂരിശദ്ദായിയുടെ പുത്രൻ ശെലൂമീയേൽ ആയിരുന്നു. ഗാദ്ഗോത്രക്കാരെ ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് നയിച്ചു. പിന്നീട് വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ടു കെഹാത്യർ മുമ്പോട്ടു നീങ്ങി; അവർ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു. അവരുടെ പിറകെ എഫ്രയീംഗോത്രക്കാർ ഗണംഗണമായി അമ്മീഹൂദിന്റെ പുത്രനായ എലീശാമായുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്റെ പുത്രൻ ഗമലീയേൽ ആയിരുന്നു. ബെന്യാമീൻഗോത്രക്കാരെ ഗിദെയോനിയുടെ പുത്രനായ അബീദാൻ നയിച്ചു. ദാൻഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവിൽ പിൻനിരയിൽ പുറപ്പെട്ടത്. അവർ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തിൽ മുമ്പോട്ടു നീങ്ങി. ആശേർഗോത്രക്കാരുടെ നേതാവ് ഒക്രാന്റെ പുത്രനായ പഗീയേൽ ആയിരുന്നു. നഫ്താലിഗോത്രക്കാരെ ഏനാന്റെ പുത്രനായ അഹീര നയിച്ചു. ഇസ്രായേൽജനം ഈ ക്രമമനുസരിച്ചായിരുന്നു അണികളായി യാത്ര പുറപ്പെട്ടത്. മോശയുടെ ഭാര്യാപിതാവും മിദ്യാൻകാരനുമായ രെയൂവേലിന്റെ പുത്രൻ ഹോബാബിനോടു മോശ പറഞ്ഞു: “സർവേശ്വരൻ ഞങ്ങൾക്കു നല്‌കും എന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. അങ്ങു ഞങ്ങളോടൊത്തു വരിക. ഞങ്ങൾക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ അങ്ങേക്കും പങ്കു വയ്‍ക്കാം. ഇസ്രായേലിനു നന്മ ചെയ്യുമെന്നു സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.” ഹോബാബ് പ്രതിവചിച്ചു: “ഞാൻ വരുന്നില്ല, എന്റെ ദേശത്തേക്കും എന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുകയാണ്.” മോശ പറഞ്ഞു: “ഞങ്ങളെ വിട്ടുപോകരുതേ! മരുഭൂമിയിൽ പാളയമടിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്കറിയാം. അങ്ങ് ഞങ്ങളുടെ വഴികാട്ടിയായിരിക്കുമല്ലോ. ഞങ്ങളുടെകൂടെ വരികയാണെങ്കിൽ സർവേശ്വരൻ ഞങ്ങൾക്കു നല്‌കുന്ന അനുഗ്രഹങ്ങൾ അങ്ങേക്കും പങ്കുവയ്‍ക്കാം.” അവർ സീനായ്മലയിൽനിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവർക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു. അവർ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകൽ സമയത്തു സർവേശ്വരന്റെ മേഘം അവർക്കു മീതെ ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാർഥിച്ചിരുന്നു: “സർവേശ്വരാ, എഴുന്നേല്‌ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകട്ടെ.” പെട്ടകം നില്‌ക്കുമ്പോൾ മോശ പ്രാർഥിക്കും: “സർവേശ്വരാ, അനേകായിരമായ ഇസ്രായേലിലേക്ക് മടങ്ങിവരേണമേ.”
സംഖ്യാപുസ്തകം 10:11-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി. അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിൻ്റെ മകൻ നെഥനയേൽ. സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹോലോൻ്റെ മകൻ എലീയാബ്. അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു. പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിൻ്റെ മകൻ എലീസൂർ. ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ. ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിൻ്റെ മകൻ എലീയാസാഫ്. അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും. പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിൻ്റെ മകൻ ഗമലീയേൽ. ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാൻ്റെ മകൻ പഗീയേൽ. നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാൻ്റെ മകൻ അഹീര. യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു. പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാന്യൻ്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും. ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും” എന്നു പറഞ്ഞു. അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ട് മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്നു ദിവസത്തെ വഴി മുമ്പോട്ട് പോയി. പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു. പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും. അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കലേക്ക് മടങ്ങിവരേണമേ” എന്നു പറയും.
സംഖ്യാപുസ്തകം 10:11-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു. പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ. ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിർത്തുകഴിയും. പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു. പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും. ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു. അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി. പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്കു മീതെ ഉണ്ടായിരുന്നു. പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും. അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.
സംഖ്യാപുസ്തകം 10:11-36 സമകാലിക മലയാളവിവർത്തനം (MCV)
രണ്ടാംവർഷം രണ്ടാംമാസം ഇരുപതാംതീയതി മേഘം ഉടമ്പടിയുടെ കൂടാരത്തിൽനിന്ന് ഉയർന്നു. അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. മോശയിൽക്കൂടെ യഹോവ കൽപ്പിച്ചപ്രകാരം അവർ പുറപ്പെടുന്നത് ഇതാദ്യമായിരുന്നു. യെഹൂദാപാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോൻ അവരുടെ സൈന്യാധിപനായിരുന്നു. അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. ഇതിനുശേഷം സമാഗമകൂടാരം അഴിച്ചു താഴ്ത്തി; അതു വഹിച്ച് ഗെർശോന്യരും മെരാര്യരും യാത്രപുറപ്പെട്ടു. രൂബേൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. ശെദെയൂരിന്റെ മകൻ എലീസൂർ അവരുടെ സൈന്യാധിപനായിരുന്നു. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ ശിമെയോൻ ഗോത്രഗണത്തിന്മേലും ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു. എഫ്രയീം പാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമ അവരുടെ സൈന്യാധിപനായിരുന്നു. പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും ഗിദെയോനിയുടെ മകൻ അബീദാൻ ബെന്യാമീൻഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. ഒടുവിൽ, എല്ലാ ഗണങ്ങൾക്കും പിൻപടയായി ദാൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ യാത്രപുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ അവരുടെ സൈന്യാധിപനായിരുന്നു. ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു, ഇസ്രായേല്യഗോത്രങ്ങൾ യാത്രപുറപ്പെട്ടപ്പോൾ അവരുടെ അണിനീക്കത്തിന്റെ ക്രമം ഇതായിരുന്നു. മോശ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്റെ പുത്രനായ ഹോബാബിനോടു പറഞ്ഞു: “ ‘ഞാൻ നിങ്ങൾക്കു തരും’ എന്ന് യഹോവ പറഞ്ഞ ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. ഞങ്ങളോടൊപ്പം വരിക, ഞങ്ങൾ താങ്കൾക്കു നന്മ ചെയ്യും. കാരണം, യഹോവ ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിരിക്കുന്നു.” അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, ഞാൻ വരികയില്ല; ഞാൻ എന്റെ സ്വന്തം ദേശത്തേക്കും സ്വന്തജനങ്ങളുടെ ഇടയിലേക്കും പോകുകയാണ്.” എന്നാൽ മോശ പറഞ്ഞു: “ദയവായി ഞങ്ങളെ പിരിയരുതേ! മരുഭൂമിയിൽ ഞങ്ങൾ എങ്ങനെ പാളയമടിക്കണം എന്നു താങ്കൾക്കറിയാം, താങ്കൾ ഞങ്ങൾക്കു കണ്ണുകളായിരിക്കും. താങ്കൾ ഞങ്ങളോടൊപ്പം വന്നാൽ, യഹോവ ഞങ്ങൾക്കു നൽകുന്ന സകലനന്മയിലും താങ്കൾക്കു ഞങ്ങൾ ഓഹരി നൽകും.” അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് യാത്രപുറപ്പെട്ട് മൂന്നുദിവസം സഞ്ചരിച്ചു. അവർക്കൊരു വിശ്രമസ്ഥലം കണ്ടെത്താൻ ആ മൂന്നു ദിവസങ്ങളിൽ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർക്കുമുമ്പായി പോയി. അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു. പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു: “യഹോവേ, എഴുന്നേൽക്കണേ! അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.” അതു നിൽക്കുമ്പോഴൊക്കെയും അദ്ദേഹം പറഞ്ഞു: “യഹോവേ, ഇസ്രായേലിന്റെ എണ്ണിക്കൂടാത്ത ആയിരങ്ങളിലേക്കു മടങ്ങിവരണമേ.”