സംഖ്യ. 10
10
വെള്ളിക്കാഹളങ്ങൾ
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2“വെള്ളികൊണ്ട് രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കേണം. 3അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്‍റെ അടുക്കൽ കൂടേണം. 4ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്‍റെ അടുക്കൽ കൂടേണം. 5ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം. 6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കേ പാളയങ്ങൾ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതേണം: 7സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്. 8അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
9“നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്‍റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. 10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്ക് ദൈവത്തിന്‍റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെടുന്നു
11അനന്തരം രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി. 12അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു. 13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. 14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകൻ നഹശോൻ. 15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂവാരിൻ്റെ മകൻ നെഥനയേൽ. 16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഹോലോൻ്റെ മകൻ എലീയാബ്. 17അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു. 18പിന്നെ രൂബേന്‍റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിൻ്റെ മകൻ എലീസൂർ. 19ശിമെയോൻമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ. 20ഗാദ് മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിൻ്റെ മകൻ എലീയാസാഫ്. 21അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും. 22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകൻ എലീശാമാ. 23മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിൻ്റെ മകൻ ഗമലീയേൽ. 24ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. 26ആശേർമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാൻ്റെ മകൻ പഗീയേൽ. 27നഫ്താലിമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഏനാൻ്റെ മകൻ അഹീര. 28യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
29പിന്നെ മോശെ തന്‍റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാന്യൻ്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും” എന്നു പറഞ്ഞു. 30അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്‍റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്നു പറഞ്ഞു. 31അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും. 32ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും” എന്നു പറഞ്ഞു.
33അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ട് മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്നു ദിവസത്തെ വഴി മുമ്പോട്ട് പോയി. 34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.
35പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കേണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്നു പറയും. 36അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കലേക്ക് മടങ്ങിവരേണമേ” എന്നു പറയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ. 10: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.