മർക്കൊസ് 9:14-24

മർക്കൊസ് 9:14-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു. അവൻ അവരോട്: നിങ്ങൾ അവരുമായി തർക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു. അതിനു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പംമുതൽ തന്നെ. അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

മർക്കൊസ് 9:14-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോൾ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ പെട്ടെന്നു കണ്ടപ്പോൾ ജനങ്ങൾ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” ജനക്കൂട്ടത്തിലൊരാൾ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നു; അവനിൽ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാൻ കഴിവില്ല. ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായിൽനിന്നു നുരയും പതയും വരികയും അവൻ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” അവർ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടൻ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവൻ വായിൽനിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതൽത്തന്നെ തുടങ്ങിയതാണ്; ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാൾ പറഞ്ഞു. “കഴിയുമെങ്കിൽ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.” ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാൻ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താൻ സഹായിച്ചാലും” എന്ന് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു.

മർക്കൊസ് 9:14-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ടു. പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു. യേശു അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു. അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്‍റെ മകനെ ഞാൻ നിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്‍റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു. അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു. അവർ അവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു. “ഇതു അവനു സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്‍റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നെ, അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു. യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു. ബാലന്‍റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.

മർക്കൊസ് 9:14-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു. അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു. ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ. അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

മർക്കൊസ് 9:14-24 സമകാലിക മലയാളവിവർത്തനം (MCV)

അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു. “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു. അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു. യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ. ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു. ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.