മർക്കൊസ് 9
9
1പിന്നെ അവൻ അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
2ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. 3ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി. 4അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു. 5പത്രൊസ് യേശുവിനോട്: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. 6താൻ എന്തു പറയേണ്ടൂ എന്ന് അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു. 7പിന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. 8പെട്ടെന്ന് അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
9അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത് എന്ന് അവൻ അവരോടു കല്പിച്ചു. 10മരിച്ചവരിൽനിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; 11ഏലീയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ വാദിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. 12അതിനു യേശു: ഏലീയാവ് മുമ്പേ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്ന് എഴുതിയിരിക്കുന്നത് എങ്ങനെ? 13ഏലീയാവ് വന്നു; അവനെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.
14അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു. 15പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു. 16അവൻ അവരോട്: നിങ്ങൾ അവരുമായി തർക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു. 17അതിനു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. 18അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു. 19അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. 20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. 21ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പംമുതൽ തന്നെ. 22അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. 23യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു. 24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. 25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. 26അപ്പോൾ അതു നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. 27യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു. 28വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: ഞങ്ങൾക്ക് അതിനെ പുറത്താക്കുവാൻ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു. 29പ്രാർഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്ന് അവൻ പറഞ്ഞു.
30അവിടെനിന്ന് അവർ പുറപ്പെട്ടു ഗലീലയിൽക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. 31അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. 32ആ വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
33അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു. 34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. 35അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. 36ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവിൽ നിറുത്തി അണച്ചുകൊണ്ട് അവരോട്: 37ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
38യോഹന്നാൻ അവനോട്: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. 39അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല . 40നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ. 41നിങ്ങൾ ക്രിസ്തുവിനുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 42എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്. 43നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: 44ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കൈയുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്ക് നല്ലത്. 45നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: 46മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലത്. 47നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്ക് നല്ലത്. 48അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല. 49എല്ലാവനും തീകൊണ്ട് ഉപ്പിടും. 50ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിനു രസം വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മർക്കൊസ് 9: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.