മർക്കോസ് 9:14-24

മർക്കോസ് 9:14-24 MCV

അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു. “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു. അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു. യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ. ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു. “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു. ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.