മർക്കൊസ് 6:41-52
മർക്കൊസ് 6:41-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു. അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി. വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
മർക്കൊസ് 6:41-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവർക്കു പങ്കിട്ടു കൊടുത്തു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും അവർ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരിൽ പുരുഷന്മാർതന്നെ അയ്യായിരം പേരുണ്ടായിരുന്നു. യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്ക്ക്, ശിഷ്യന്മാർ മുൻകൂട്ടി വഞ്ചിയിൽ കയറി തടാകത്തിനക്കരെയുള്ള ബെത്സെയ്ദയിലേക്കു പോകുവാൻ ആജ്ഞാപിച്ചു. അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. സന്ധ്യ ആയപ്പോൾ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു. കാറ്റ് അവർക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവർ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തിൽ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവർ നിലവിളിച്ചു. അവിടുത്തെ ആ നിലയിൽ കണ്ട് അവർ എല്ലാവരും വല്ലാതെ ഭയപ്പെട്ടു. ഉടനെ അവിടുന്ന് അരുൾചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാൻ തന്നെയാണ്; ഭയപ്പെടേണ്ടാ.” പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയിൽ കയറി. കാറ്റ് ഉടനെ ശമിച്ചു. അവർ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി. എന്തെന്നാൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്റെ മർമം അവർ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉൾക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല.
മർക്കൊസ് 6:41-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു. അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു. അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്ബ്ബന്ധിച്ചു. അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് കയറിപ്പോയി. വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ടു. ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്നു അവരെ കടന്നു മുന്നോട്ടു പോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ”ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
മർക്കൊസ് 6:41-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു. അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി. വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
മർക്കൊസ് 6:41-52 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു. യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു. ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി. അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു, കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു. അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു. അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു. ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി. അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.